ശക്തമായ പ്രതിരോധം; പാകിസ്താൻ വിക്ഷേപിച്ച എട്ട് മിസൈലുകളും തകർത്തെറിഞ്ഞ് ഇന്ത്യ

ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകളാണ് പാക് മിസൈലുകൾ തടഞ്ഞത്

ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യക്ക് നേരെ പാകിസ്ഥാൻ നടത്തുന്ന കടുത്ത ആക്രമണം തുടരുന്നു. എട്ട് മിസൈലുകളാണ് പാകിസ്താൻ ഇന്ത്യയക്ക് നേരെ വിക്ഷേപിച്ചത്. എന്നാൽ വിക്ഷേപിച്ച എട്ട് മിസൈലുകളും ഇന്ത്യൻ സൈന്യം തകർത്തു. സത്വാരി, സാംബ, ആർ‌എസ് പുര, അർണിയ സെക്ടറുകൾ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ ഇന്ത്യൻ സൈന്യത്തിൻ്റെ കൃത്യമായ തിരിച്ചടിയിൽ തകർന്നു വീണു. ഇന്ത്യൻ വ്യോമ പ്രതിരോധ യൂണിറ്റുകളാണ് മിസൈലുകൾ തടഞ്ഞത്.

അതേ സമയം, ജമ്മുവിലും പഞ്ചാബിലും പാകിസ്താൻ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങൾ ഒറ്റയടിക്ക് ഇന്ത്യ തകർത്തു. രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങൾ, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയത്. ഉദ്ദംപൂരിൽ നടന്ന പാകിസ്താൻ ഡ്രോൺ ആക്രമണങ്ങളും ഇന്ത്യ പരാജയപ്പെടുത്തി.

പൂഞ്ചിലേക്ക് പാകിസ്താൻ അയച്ച രണ്ട് കാമികാസെ ഡ്രോണുകളും ഇന്ത്യ നിഷ്പ്രഭമാക്കി. അഖ്‌നൂറിൽ ഒരു ഡ്രോൺ വെടിവച്ചു വീഴ്ത്തി. നിരവധി പാക് മിസൈലുകളും റോക്കറ്റുകളും ഇന്ത്യ തകർത്തു. ജമ്മു സിവിൽ വിമാനത്താവളം, സാംബ, ആർ‌എസ് പുര, അർനിയ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് എട്ട് മിസൈലുകളാണ് പാകിസ്താൻ തൊടുത്തുവിട്ടത്.

ഇന്ത്യയുടെ എസ് -400 വ്യോമ പ്രതിരോധ സംവിധാനമാണ് ഈ മിസൈലുകളെ നിഷ്പ്രഭമാക്കിയത്. യുദ്ധവിമാനങ്ങൾ തകർത്ത കാര്യം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. പൊഖ്റാനിൽ പാകിസ്താൻ അയച്ച മിസൈലുകളും ഇന്ത്യയുടെ എസ് 400 തകർത്തു.

Content Highlights- The country held its breath; India shot down all eight missiles launched by Pakistan

To advertise here,contact us