പാക് എയര്‍ ഡിഫന്‍സ് റഡാർ തകര്‍ത്ത് ഇന്ത്യ; മിസൈലുകളെ വെടിവെച്ചിട്ടത് ഇന്ത്യയുടെ S24 സുദര്‍ശന്‍ ചക്ര

ഇന്നലെ രാത്രി പാകിസ്താന്‍ നിരവധി സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്താന്റെ എയര്‍ ഡിഫന്‍സ് റഡാര്‍ തകര്‍ത്ത് ഇന്ത്യ. വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തെന്ന് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പാക്കിസ്താന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടെന്നും എന്നാല്‍ അവ നിര്‍വീര്യമാക്കാന്‍ സാധിച്ചെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പാകിസ്താന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും പാകിസ്താന്‍ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

'ഓപ്പറേഷന്‍ സിന്ദൂറിന്റെ പ്രസ് ബ്രീഫിങ്ങിനിടെ പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ സൈനിക ന്ദ്രേങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉചിതമായ പ്രതികരണമുണ്ടാകുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി പാകിസ്താന്‍ നിരവധി സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പഠാന്‍കോട്ട്, അമൃത്സര്‍, കപുര്‍ത്തല, ജലന്ധര്‍, ലുഥിയാന, അദംപുര്‍, ഭട്ടിന്ത, ഛണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലൈ, ഭുജ് തുടങ്ങിയ സൈനിക കേന്ദ്രങ്ങള്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡും വ്യോമ പ്രതിരോധ സംവിധാനവും ഉപയോഗിച്ച് ഇവ നിര്‍വീര്യമാക്കി. പാകിസ്താന്‍ ആക്രമമാണിതെന്നതിന് തെളിവ് ലഭിച്ചു.

പാകിസ്താന്റെ അതേ തീവ്രതയോട് കൂടി ഇന്ത്യന്‍ സായുധ സേന പാകിസ്താനിലെ നിരവധി സ്ഥലങ്ങളില്‍ വ്യോമ പ്രതിരോധ റഡാറുകളെയും സംവിധാനങ്ങളെയും ലക്ഷ്യം വെച്ചു. ലാഹേറിലെ വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയെന്നാണ് അറിയുന്നത്. ജമ്മു കശ്മീരിലെ കുപ് വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്ദര്‍, രജൗരി എന്നീ മേഖലകളില്‍ മോര്‍ട്ടാറുകളും പീരങ്കികളും ഉപയോഗിച്ച് പ്രകോപനമൊന്നുമില്ലാതെ പാകിസ്താന്‍ ആക്രമണം നടത്തി. അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 16 സാധാരണക്കാരുടെ ജീവന്‍ നഷ്ടമായി. ഇവിടെ തിരിച്ചടിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമായി', വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നിലവില്‍ S400 പ്രതിരോധ മിസൈലുകള്‍ നിയന്ത്രണ രേഖയ്ക്ക് സമീപം വിന്യസിച്ചിട്ടുണ്ട്. 40 മുതല്‍ 400 കിലോമീറ്റര്‍ വരെ റേഞ്ചിലുള്ള ശക്തിയേറിയ മിസൈലാണ് S400. ഇന്ത്യയുടെ S24 സുദര്‍ശന്‍ ചക്രയാണ് പാകിസ്താന്‍ മിസൈലുകള്‍ വെടിവെച്ചിട്ടത്.

Content Highlights: INDIA attack Pakistan Air Defence Radar

To advertise here,contact us