സുരക്ഷാ മുൻകരുതൽ; രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; 430 വിമാനസര്‍വീസുകള്‍ റദ്ദാക്കി

മെയ് 10 വരെയായിരിക്കും ഇത് ബാധകമാവുക

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം. സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. മെയ് 10 വരെയായിരിക്കും ഇത് ബാധകമാവുക. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഢ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്കോട്ട്, ഭുണ്ഡ്‌ലി, പ്‌ളോർജ്‌ല എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.

സുരക്ഷാ മുൻകരുതലിന്റെ പശ്ചാത്തലത്തിൽ ഇന്നലെ 250ഓളം വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ജമ്മു കശ്മീർ മേഖലയിലും സുരക്ഷാ മുൻകരുതലിന്റെ പശ്ചാത്തലത്തിൽ പത്തോളം വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്. പാകിസ്താന്റെ പ്രത്യാക്രമണം ഉണ്ടാകുമെന്ന സാഹചര്യത്തിൽ രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്.

ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകൾ ബുക്ക് ചെയ്തിരിക്കുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചിട്ടുണ്ട്. കശ്മീര്‍ മുതല്‍ ഗുജറാത്ത് വരെയുള്ള വ്യോമമേഖലയിലും പാകിസ്താന്‍ വ്യോമമേഖലയിലും വ്യാഴാഴ്ച സിവിലിയന്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ആഗോള വിമാന ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ഫ്‌ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ 250 വിമാനസര്‍വീസുകള്‍ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. അതേസമയം ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉൾപ്പടെ അവധിയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights:27 airports in the country closed till Saturday; 430 flights cancelled

To advertise here,contact us