നാളെ നടക്കാനിരിക്കുന്ന സംയുക്ത പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു:ജയ്റാം രമേശ്

പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം വന്നില്ലെന്നും ജയ്‌റാം രമേശ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന സംയുക്ത പാര്‍ട്ടി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തിലുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് കരുതിയെങ്കിലും അദ്ദേഹം വന്നില്ലെന്നും ജയ്‌റാം രമേശ് കുറ്റപ്പെടുത്തി.

'പഹല്‍ഗാം ആക്രമണത്തിന് ശേഷം ഞങ്ങള്‍ സംയുക്ത യോഗം ആവശ്യപ്പെട്ടു. ഏപ്രില്‍ 24ന് സര്‍ക്കാര്‍ യോഗവും വിളിച്ചു. പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. എന്നാല്‍ ചില കാരണങ്ങളാല്‍ അദ്ദേഹം വന്നില്ല. ശക്തമായ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നാളെ ഒരു സംയുക്ത യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രി യോഗത്തില്‍ അധ്യക്ഷനാകുമെന്നാണ് കരുതുന്നത്,' ജയ്‌റാം രമേശ് പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ ബ്ലാക്ക് ഔട്ട് മോക്ക് ഡ്രില്‍ നടത്തി. രാത്രി 8 മുതല്‍ 8.15 വരെയാണ് ബ്ലാക്ക് ഔട്ട് നടത്തിയത്. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ആശുപത്രികള്‍ എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ അണച്ചു. തെരുവുവിളക്കുകളും ഓഫാക്കി.

പാക് അധീന കശ്മീരില്‍ സിഖ് സമുദായക്കാര്‍ക്കെതിരെയും പാക് സേനയുടെ അക്രമണം അഴിച്ചു വിട്ടിട്ടുണ്ട്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ പാക് ഷെല്ലാക്രമണം 15 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് നൂറിലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlights: Operation Sindoor Jairam Ramesh says they expect PM Will attend all party meeting

To advertise here,contact us