പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ എട്ടുപേർ കൊല്ലപ്പെട്ടു; 34 പേർക്ക് പരിക്ക്

ഒമർ അബ്ദുള്ള അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു

ശ്രീനഗർ: അതിർത്തിയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ പൂഞ്ചിൽ എട്ടുപേർ കൊല്ലപ്പെട്ടു. 34 പേർക്ക് പരിക്കേറ്റു. സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. 11 മണിക്കാണ് യോഗം.

അതേസമയം, ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക്-പഞ്ചാബ് പ്രവിശ്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മുസാഫറാബാദിലെ വൈദ്യുതി ബന്ധം നിലച്ചു. ആശുപത്രികളും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. പാകിസ്താനിൽ വലിയ പരിഭ്രാന്തിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായാണ് ഇന്ത്യൻ കരസേന നിലവിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടെന്നും ഉചിതമായ സമയത്ത് മറുപടി നൽകുമെന്നുമാണ് പാക് ഭീഷണി.

ഇന്ന് പുലർച്ചെയായിരുന്നു കര-വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ 'ഓപ്പറേഷൻ സിന്ദൂരി'ലൂടെ ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി.

ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.

Content Highlights: eight Civilians killed in Poonch

To advertise here,contact us