പഹൽ​ഗാം ഭീകരാക്രമണം; നാളെ 244 ജില്ലകളിൽ സൈറണുകൾ മുഴങ്ങും, കേരളത്തിൽ രണ്ടിടത്ത്

നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. നാളെ രാജ്യത്തുടനീളമുള്ള 244 ജില്ലകളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങും. ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലായിരിക്കും സൈറണുകൾ മുഴങ്ങുക. കേരളത്തിൽ രണ്ട് ജില്ലകളിൽ നാളെ മോക്ഡ്രിൽ നടത്തും.

കൊച്ചി, തിരുവനന്തപുരം ജില്ലകളിലാണ് മോക്ഡ്രിൽ ഉണ്ടാവുക.

മെയ് ഏഴാം തീയതി മോക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ അതിനെ പ്രതിരോധിക്കാൻ വിദ്യാ‍ർത്ഥികൾക്ക് ഉൾപ്പടെ പരിശീലനം നൽകേണ്ടത് ആവശ്യമാണെന്ന് കേന്ദ്രം അറിയിച്ചു. സ്കൂളുകൾ, ഓഫീസുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിൽ സാധാരണക്കാർക്ക് പരിശീലനം നൽകും. ആക്രമണമുണ്ടായാൽ സ്വയം രക്ഷയ്ക്കാണ് പരിശീലനം.

സംസ്ഥാനത്തെ 20 ജില്ലകളിൽ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കുമെന്ന് പഞ്ചാബ് മന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞു. സിവിൽ ഡിഫൻസ്, പഞ്ചാബ് പൊലീസ്, ആഭ്യന്തര മന്ത്രാലയം എന്നിവ നാളെ മോക്ക് ഡ്രില്ലുകൾ നടത്തും. നമ്മുടെ 500 കിലോമീറ്റർ അതിർത്തിയെയും പൗരന്മാരെയും സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുപിയിൽ 19 ജില്ലകളിൽ സിവിൽ അഡ്മിനിസ്ട്രേഷൻ, പൊലീസ് അഡ്മിനിസ്ട്രേഷൻ, ഫയർ സർവീസസ്, ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് എന്നിവയുമായി ചേർന്ന് മോക്ക് ഡ്രിൽ നടത്തുമെന്ന് ഭരണകൂടം ഉത്തരവിട്ടു. അതുവഴി ഏത് തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ കഴിയുമെന്ന് ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.

Content Highlights: nationwide security drills will be tomorrow

To advertise here,contact us