ന്യൂഡൽഹി : പാക് യുവതിയെ വിവാഹം കഴിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് പിരിച്ചുവിട്ട സിആർപിഎഫ് ജവാൻ വിശദീകരണവുമായി രംഗത്ത്. പാകിസ്താനി യുവതിയെ വിവാഹം കഴിച്ചത് താൻ സേനയിൽ അറിയിച്ചെന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ട മുനീർ അഹമ്മദ് പറഞ്ഞു. തന്റെ വിവാഹം സിആർപിഎഫ് ആസ്ഥാനത്ത് കൃത്യമായി അറിയിച്ചിരുന്നു എന്നും 2024 ഏപ്രിലിൽ സിആർപിഎഫ് ആസ്ഥാനത്ത് നിന്നും വിവാഹത്തിന് ഔദ്യോഗിക അനുമതി ലഭിച്ചതായും മുനീർ അഹമ്മദ് അവകാശപ്പെടുന്നു. ഈ അനീതി താൻ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
"പിരിച്ചുവിട്ട വിവരം മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് ഞാൻ ആദ്യം അറിഞ്ഞത്. പിരിച്ചുവിട്ട വിവരം ചൂണ്ടിക്കാണിച്ചുകൊണ്ട് സിആർപിഎഫിൽ നിന്ന് എനിക്ക് ഒരു കത്ത് ലഭിച്ചു, അത് കണ്ടതോടെ ഞാനും കുടുംബവും ഞെട്ടി, കാരണം പാക് യുവതിയുമായുള്ള എന്റെ വിവാഹത്തിന് അനുമതി ലഭിച്ചിരുന്നു. 2022 ഡിസംബർ 31 ന് ഞാൻ ഇക്കാര്യം ആവശ്യപ്പെട്ട് കത്തയയ്ക്കുകയും തുടർന്ന് പാസ്പോർട്ട്, വിവാഹ ക്ഷണക്കത്ത്, സത്യവാങ്മൂലങ്ങൾ തുടങ്ങിയവയുടെ പകർപ്പുകൾ ഉൾപ്പെടെ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. എന്റെ സത്യവാങ്മൂലം, എന്റെ മാതാപിതാക്കൾ, സർപഞ്ച്, ജില്ലാ വികസന കൗൺസിൽ അംഗം എന്നിവരിൽ നിന്നുള്ള സത്യവാങ്മൂലം എന്നിവ സമർപ്പിക്കുകയും ഒടുവിൽ 2024 ഏപ്രിൽ 30 ന് ആസ്ഥാനത്ത് നിന്ന് അനുമതി ലഭിക്കുകയും ചെയ്തു." മുനീർ അഹമ്മദ് പറയുന്നു.
യാതൊരു അന്വേഷണവുമില്ലാതെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ഒരാളെ പിരിച്ചുവിടുന്നത് ന്യായമാണോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. കഴിഞ്ഞ ദിവസമാണ് മുനീർ അഹമ്മദ് എന്ന സിആർപിഎഫ് ജവാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. പാക് യുവതിയുമായുള്ള വിവാഹം മറച്ചു വച്ചതിനെ തുടർന്നായിരുന്നു നടപടി.
content highlights : 'sought and received permission' dismissed crpf jawan on marrying pakistani woman