ശ്രീനഗർ: ഭീകരാക്രമണത്തെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോര്ട്ട്. ഭീകരര് സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന ഇന്റലിജന്സ് റിപ്പോര്ട്ട് നല്കിയിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില് പരിശോധന നടത്തുകയും ചെയ്തു. എന്നാല് ഒരു തെളിവും ലഭിക്കാതെ വന്നതോടെ ഓപ്പറേഷന് ഉപേക്ഷിച്ചെന്നാണ് റിപ്പോര്ട്ട് സൂചിപ്പിക്കുന്നത്. അതേ ദിവസമാണ് പഹല്ഗാമില് ഭീകരാക്രമണം ഉണ്ടായതെന്നും റിപ്പോര്ട്ടിൽ പറയുന്നു.
ശ്രീനഗറിലെ ഹോട്ടലുകളില് താമസിക്കുന്ന വിനോദ സഞ്ചാരികള്ക്കെതിരെ ആക്രമണമുണ്ടാകുമെന്ന സൂചനയായിരുന്നു ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുണ്ട്. ആക്രമണ ഭീഷണി കണക്കിലെടുത്ത് ശ്രീനഗറിലെ ദാല് തടാകത്തിലും മുഗള് ഗാര്ഡനുകളിലും സുരക്ഷ ഒരുക്കിയിരുന്നു. ആക്രമണത്തിന് ദിവസങ്ങള്ക്ക് മുമ്പ് ഡിജിപി അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥര് അവിടെ തമ്പടിച്ചിരുന്നുവെന്നും റിപ്പോര്ട്ടിൽ പറയുന്നു.
'ജമ്മു കശ്മീര് പൊലീസുള്പ്പെടെയുള്ള സുരക്ഷാ ഏജന്സികള് രഹസ്യാന്വേഷണം നടത്തിയിരുന്നു. ആക്രമണം പ്രതീക്ഷിച്ചിരുന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശത്തുള്ള ഹോട്ടലിലായിരിക്കും ആക്രമണമെന്ന് അവര് കരുതി. തെക്കന് കശ്മീരിലാണ് സിവിലിയന് കൊലപാതകങ്ങള് കൂടുതലും നടന്നതെന്നതാണ് കാരണം', പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. അതുകൊണ്ടു തന്നെ പഹല്ഗാം ആക്രമണത്തിന് 10-15 ദിവസങ്ങള്ക്ക് മുമ്പ് തന്നെ ദച്ചിഗാം, നിഷാത് തുടങ്ങിയ സ്ഥലങ്ങളില് കോമ്പിങ് ഓപ്പറേഷന് നടത്തിയിരുന്നു.
അതേസമയം പഹല്ഗാം ഭീകരാക്രമണത്തില് പാകിസ്താന് തിരിച്ചടികള് നല്കുകയാണ് കേന്ദ്രം. പാകിസ്താന് പതാകയുള്ള കപ്പലുകള്ക്ക് ഇന്ത്യന് തുറമുഖങ്ങളില് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇന്ത്യന് പതാക വഹിക്കുന്ന കപ്പലുകള് പാകിസ്താന് തുറമുഖങ്ങള് സന്ദര്ശിക്കുന്നതിനും വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. 1958ലെ മര്ച്ചന്റ് ഷിപ്പിംഗ് ആക്ടിന്റെ സെക്ഷന് 411 പ്രകാരമാണ് വിലക്ക് ഏര്പ്പെടുത്തിയത്.
പാകിസ്താനില് നിന്നുളള എല്ലാ ഇറക്കുമതികളും ഇന്ത്യയില് നിരോധിച്ചിട്ടുണ്ട്. ദേശീയ സുരക്ഷയുടെയും പൊതുനയത്തിന്റെയും താല്പ്പര്യങ്ങള് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സര്ക്കാര് വ്യക്തമാക്കുന്നത്. പാകിസ്താനില് നിര്മ്മിക്കുന്നതോ അവിടെനിന്ന് കയറ്റുമതി ചെയ്യുന്നതോ ആയ എല്ലാ വസ്തുക്കളുടെയും ഇറക്കുമതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ നിരോധിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില് പറയുന്നു.
Content Highlights: report says there was warning in Pahalgam attack