'ഏതു നിമിഷവും എന്തും സംഭവിക്കാം'; ബങ്കറുകൾ സജ്ജമാകുന്നു; യുദ്ധ പരീശീലനം; അതിർത്തിയിൽ തയ്യാറെടുത്ത് ഇന്ത്യ

യുദ്ധ സാഹചര്യം നേരിടാൻ പ്രദേശവാസികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതായും റിപ്പോർട്ടുണ്ട്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രത. ജമ്മുകശ്മീർ അതിർത്തിയിൽ‌ ബങ്കറുകൾ സജ്ജമാക്കുകയാണ്. കൂടുതൽ ബങ്കറുകൾ നിർമ്മിക്കാനും തീരുമാനമുണ്ട്. എന്തിനും സജ്ജരായിരിക്കാൻ ഇന്ത്യൻ സൈന്യം പ്രദേശവാസികൾക്ക് നിർദേശം നൽകി. യുദ്ധ സാഹചര്യം നേരിടാൻ പ്രദേശവാസികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതായും റിപ്പോർട്ടുണ്ട്.

ഏപ്രില്‍ 22നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു വിദേശ വിനോദസഞ്ചാരിയുള്‍പ്പെടെ 26 പേർ കൊല്ലപ്പെട്ടത്. ബൈസരണ്‍വാലിയിലെ പൈന്‍മരക്കാടുകളില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യ പാകിസ്താനെതിരെ കടുത്ത നടപടികളാണ് സ്വീകരിച്ചത്.

സിന്ധു നദീജല കരാര്‍ റദ്ദാക്കി. ഇന്ത്യാ-പാക് യുദ്ധം നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത കരാര്‍ 65 വര്‍ഷങ്ങള്‍ക്കപ്പുറം മരവിപ്പിക്കാനുളള ഇന്ത്യയുടെ തീരുമാനം പാകിസ്താന് കനത്ത വെല്ലുവിളിയാണ്. പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഇന്ത്യ വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടയ്ക്കുമെന്നും പ്രഖ്യാപിച്ചു. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനമുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം 55-ല്‍ നിന്ന് 30 ആക്കി കുറയ്ക്കാനാണ് തീരുമാനമായത്.

content highlights :Bunkers are being prepared; War training; India is preparing on the border

To advertise here,contact us