ന്യൂഡല്ഹി: പാകിസ്താന് വേണ്ടി ചാര പ്രവര്ത്തി നടത്തിയ രണ്ട് പേര് അറസ്റ്റില്. പാലക് ഷെര് മസിഹ്, സൂരജ് മസിഹ് എന്നിവരെയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. തന്ത്രപ്രധാനമായ സൈനിക വിവരങ്ങള് ചോര്ത്തിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരുവരും സൈനിക കന്റോണ്മെന്റുകളുടെയും വ്യോമതാവളങ്ങളുടെയും ഫോട്ടോകള് പാകിസ്താന് രഹസ്യാന്വേഷണ ഏജന്സിയായ ഐഎസ്ഐക്ക് അയച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ജയിലില് കഴിയുന്ന ഹര്പ്രീത് സിംഗിനെ ചോദ്യം ചെയ്തപ്പോഴാണ് ചാരവൃത്തി ബന്ധം പൊലീസ് കണ്ടെത്തിയത്. ഇരുവരും കുറേ വര്ഷമായി പാകിസ്താന് വേണ്ടി ചാരപ്രവര്ത്തി നടത്തുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്ന് പഞ്ചാബ് ഡിജിപി വ്യക്തമാക്കി. പ്രതികളെ എന്ഐഎയ്ക്ക് കൈമാറുമെന്ന സൂചനയുമുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീര് സന്ദര്ശനം മുടക്കാന് ഭീകരര് പദ്ധതിയിട്ടിരുന്നുവെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ഏപ്രില് 19ന് കത്ര-ശ്രീനഗര് ട്രെയിന് സര്വീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ജമ്മു കശ്മീരില് എത്തേണ്ടതായിരുന്നുവെന്നും ഈ ചടങ്ങ് മുടക്കാന് ഭീകരര് പദ്ധതിയിട്ടിരുന്നുവെന്നുമാണ് വിവരം. എന്നാല് കാലാവസ്ഥ അനുകൂലമല്ലാതെ വന്നതോടെ പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പരിപാടി മാറ്റിവെക്കുകയായിരുന്നു. തുടര്ന്നാണ് പഹല്ഗാമില് ഭീകരക്രമണം നടത്തിയത്.
ഭീകരാക്രമണത്തെ സംബന്ധിച്ച് നേരത്തെതന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്ന റിപ്പോര്ട്ടുകളും പുറത്തുവരുന്നുണ്ട്. ഭീകരര് സഞ്ചാരികളെ ലക്ഷ്യമിടുന്നുവെന്ന് ഇന്റലിജന്സ് നേരത്തെ റിപ്പോര്ട്ട് നല്കിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധയിടങ്ങളില് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല് ഒരു തെളിവും ലഭിക്കാതെ വന്നതോടെ പരിശോധന പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പഹല്ഗാമില് ഭീകരാക്രമണം നടത്തിയത്.
ഭീകരാക്രമണത്തില് പ്രദേശത്തെ ഒരു വ്യാപാരിക്കും പങ്കുണ്ടെന്ന് എന്ഐഎ സംശയിക്കുന്നുണ്ട്. ഭീകരാക്രമണത്തിന് 15 ദിവസം മുന്പ് വരെ തുറന്നു പ്രവര്ത്തിച്ച വ്യാപാരസ്ഥാപനം ആക്രമണ ദിവസം അടഞ്ഞുകിടന്നിരുന്നു. ഇതില് ദുരൂഹത ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഉടമയായ വ്യാപാരിയെ ചോദ്യം ചെയ്തുവരികയാണ്.
Content Highlights: 2 arrested in Punjab for spy for Pakistan