ബിഹാറിൽ ഭർത്താവിനെ കെട്ടിയിട്ട് തോക്കിൻമുനയിൽ ഓർക്കസ്ട്ര നർത്തകിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം പ്രതികള്‍ യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു

പാട്‌ന: ബിഹാറില്‍ ഓര്‍ക്കസ്ട്ര നര്‍ത്തകിക്ക് നേരെ ക്രൂര പീഡനം. ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ ക്രൂരബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശങ്കര്‍പൂര്‍ നിവാസികളായ മനീഷ് കുമാര്‍, മനോജ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഒളിവിലുള്ള പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഷാപൂര്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള സിക്കന്ദര്‍പൂര്‍ ദിയാരയ്ക്ക് സമീപത്ത് വെച്ചാണ് സംഭവം. ഭര്‍ത്താവിനൊപ്പം ശങ്കര്‍പൂര്‍ ദിയാരയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവതിയെ മൂന്ന് പേര്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

വിവാഹ ചടങ്ങ് കഴിഞ്ഞ് പുലര്‍ച്ചെയോടെ യുവതിയും ഭര്‍ത്താവും ബൈക്കില്‍ മടങ്ങിപ്പോകുകയായിരുന്നു. ഇടയില്‍ ദമ്പതികള്‍ ബൈക്ക് യാത്രക്കാരനോട് വഴി ചോദിച്ചു. ബൈക്ക് യാത്രക്കാരന്‍ ഇരുവരെയും തെറ്റായ വഴിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ഇവിടേക്ക് രണ്ട് കൂട്ടാളികളെ വിളിച്ചു വരുത്തുകയുമായിരുന്നു.

പിന്നീട് ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം പ്രതികള്‍ യുവതിയെ ചോള പാടത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ശേഷം മൂന്ന് പേരും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നാലെ ദമ്പതികള്‍ ഷാപൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിന് ഇരയായ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് അറിയിച്ചു.

Content Highlights: Women attacked in Bihar 2 detained

To advertise here,contact us