അധ്യാപിക ​ഗർഭം ധരിച്ചത് പതിമൂന്നുകാരനില്‍ നിന്ന്; സൂറത്തിലെ തട്ടിക്കൊണ്ടു പോകല്‍ കേസിൽ വഴിത്തിരിവ്

അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നൽകി വരുന്ന അധ്യാപിക കുട്ടിയുമായി ശാരീരിക ബന്ധവും പുലർത്തിയിരുന്നു

സൂറത്ത്: പതിമൂന്ന് വയസ്സുകാരനായ വിദ്യാർത്ഥിയെ 23വയസ്സുകാരിയായ ട്യൂഷൻ അധ്യാപിക തട്ടിക്കൊണ്ടുപോയതിൽ നിർണായക വഴിത്തിരിവ്. പൊലീസ് നടത്തിയ പരിശോധനയിൽ അധ്യാപിക ​ഗർഭിണിയാണെന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പതിമൂന്നുകാരനിൽ നിന്നുമാണ് താൻ ​ഗർഭം ധരിച്ചതെന്നാണ് അധ്യാപികയുടെ മൊഴി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും അധ്യാപിക പറയുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചതിന് അധ്യാപികയ്ക്ക് എതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ പരസ്പരം ഇഷ്ടത്തിലായിരുന്നു എന്നാണ് മൊഴി. കഴിഞ്ഞദിവസമാണ് ഇരുവരെയും ജയ്പൂരിൽ നിന്നും പിടികൂടിയത്. ഗുജറാത്തിലെ സൂറത്തിലാണ് പതിമൂന്നുകാരനോട് പ്രണയം തോന്നിയ അധ്യാപിക ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആറ് ദിവസത്തോളം താമസിപ്പിച്ചത്.. അഞ്ച് വർഷത്തോളമായി പതിമൂന്നുകാരന് ട്യൂഷൻ നൽകി വരികയായിരുന്നു അധ്യാപിക.

കുട്ടിയുമായി പ്രണയത്തിലായ അധ്യാപിക ശാരീരിക ബന്ധവും പുലർത്തിയിരുന്നു. ഇത് കണ്ടെത്തിയതോടെയാണ് പോക്സോ, പീഡനം, തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വകുപ്പുകൾ അധ്യാപികയ്ക്കെതിരെ ചുമത്തി അറസ്റ്റ് ചെയ്തത്. ഏപ്രിൽ 25നാണ് ഇരുവരെയും കാണാതായത്. തുടർന്ന് കുട്ടിയുടെ പിതാവ് ഏപ്രിൽ 26ന് ട്യൂഷൻ ക്ലാസിൽ പോയ തന്റെ മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ഇരുവരുമിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

ട്രെയിനിൽ കയറാനായെത്തിയ അധ്യാപികയും പതിമൂന്ന്കാരനും ഏറെ നേരം സൂറത്ത് റെയിൽവേ സ്റ്റേഷനിൽ ചിലവഴിച്ചിരുന്നു. തിരക്ക് അധികമാണെന്ന് കണ്ട് ഇവർ ബസ് മാർ​ഗം രാജസ്ഥാനിലേക്ക് പോയി. ഇരുവരും അഹമ്മദാബാദിലെ ഒരു ഹോട്ടലിൽ താമസിച്ച ശേഷം ഇവിടെ നിന്നും ഡൽഹിയിലേക്കും പിന്നീട് ജയ്പൂരിലേക്കും പോവുകയായിരുന്നു. ജയ്പൂരിൽ നിന്ന് ആഡംബര ബസിൽ ഇവർ ഗുജറാത്തിലേക്ക് മടങ്ങുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സൂറത്ത് പൊലീസ് ബസ് തടഞ്ഞ് നടത്തിയ അന്വേഷണത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 25,000 രൂപയുമായാണ് അധ്യാപിക പതിമൂന്നുകാരനൊപ്പം നാട് വിട്ടത്.

content highlights : teacher arrested for kidnapping 13 yr old student found pregnant

To advertise here,contact us