പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഐഎസ്‌ഐ ബന്ധം; തെളിവ് ലഭിച്ചെന്ന് എന്‍ഐഎ

ഐഎസ്‌ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് കണ്ടെത്തല്‍

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ബന്ധം വ്യക്തമായതായി എന്‍ഐഎ. ഭീകരാക്രമണത്തില്‍ പാകിസ്താന്‍ ചാര സംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഭീകരരും ഐഎസ്‌ഐയും തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ്‌ഐ അറിവോടെയാണ് ഭീകരര്‍ പഹല്‍ഗാമിലെത്തിയതെന്നാണ് കണ്ടെത്തല്‍.

ഭീകരര്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് സാറ്റ്‌ലൈറ്റ് ഫോണെങ്കിലും ആക്രമണ സമയത്ത് ഉപയോഗിച്ചുവെന്നും സാറ്റ്‌ലൈറ്റ് ഫോണുകളുടെ സിഗ്‌നല്‍ ലഭിച്ചെന്നും എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ 2800 പേരെ ഇതുവരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ 150 പേര്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയില്‍ ഉണ്ട്. അതേസമയം കുപ് വാര, പുല്‍വാമ, സോപോര്‍, അനന്തനാഗ്, ബാരമുള്ള എന്നിവിടങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡുകള്‍ തുടരുകയാണ്.

ഭീകരരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും എന്‍ഐഎക്ക് ലഭിച്ചതായാണ് സൂചന. ഏപ്രില്‍ 15ന് ഭീകരര്‍ പെഹല്‍ഗാമില്‍ എത്തിയതിനും തെളിവുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനും 2024ലെ സോനമാര്‍ഗ് ടണല്‍ ആക്രമണത്തിനും ബന്ധമുണ്ടെന്നും എന്‍ഐഎ സംശയിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തിന് പിന്നിലുള്ള ഹാഷിം മൂസയും അലി ഭായിയും പാകിസ്താന്‍ പൗരന്മാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പഹല്‍ഗാമിലെ ആക്രമണത്തിന് ഒരാഴ്ച മുമ്പാണ് ഭീകരവാദികള്‍ ഇന്ത്യയിലേക്കെത്തിയത്. ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാരുടെ പിന്തുണ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.

അതേസമയം, അതിര്‍ത്തിയിലെ പിരിമുറുക്കത്തിനിടെ നീക്കങ്ങള്‍ക്കൊരുങ്ങുകയാണ് ഇന്ത്യന്‍ സൈന്യം. ഗംഗ എക്‌സ്പ്രസ്‌വേയില്‍ ഇന്ന് സേനയുടെ സൈനികാഭ്യാസം നടക്കും. റഫാല്‍,മിറാഷ്, ജാഗ്വാര്‍ യുദ്ധവിമാനങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. അടിയന്തര സാഹചര്യം നേരിടാന്‍ സൈന്യം ബദല്‍ മാര്‍ഗം വിലയിരുത്തി.

Content Highlights: NIA found ISI relation in Pahalgam

To advertise here,contact us