ലക്നൗ : 21 വയസ്സിനിടെ 12 വിവാഹം കഴിച്ച് നിരവധി യുവാക്കളെ കബളിപ്പിച്ച് പണവും സ്വർണവും കവർന്ന യുവതി പിടിയിൽ. ഉത്തർപ്രദേശ് ജാൻപൂർ സ്വദേശിയായ 21കാരി ഗുൽഷാന റിയാസ് ഖാനാണ് പല സംസ്ഥാനങ്ങളിൽ പല പേരുകളിലായി അഭിനയിച്ച് വിവാഹതട്ടിപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുൽഷാനയ്ക്ക് പിന്നിൽ പ്രവർത്തിച്ച വിവാഹതട്ടിപ്പ് സംഘത്തെയും പൊലീസ് പിടികൂടി.
മോഹൻലാൽ (44), രതൻ കുമാർ (32), രഞ്ജൻ (22), രാഹുൽ രാജ് (30), സുനിത (36), പൂനം (33), മഞ്ജു മാലി (29), രുക്ഷർ (21) എന്നിവരാണ് പിടിയിലായത്. വിവാഹം ശരിയാകാത്ത പുരുഷന്മാരെയാണ് ഗുൽഷാന ലക്ഷ്യമിടുന്നത്. ഗുൽഷാനയ്ക്ക് പിന്നിൽ വലിയൊരു വിവാഹ തട്ടിപ്പ് സംഘവും ഉണ്ട്. ഇവരാണ് ഗുൽഷാനയുടെ ബന്ധുക്കളായി അഭിനയിക്കുന്നത്.
മാട്രിമോണിയൽ വെബ് സൈറ്റുകളിൽ സ്വീറ്റി, കാജൽ, സീമ, നേഹ എന്നീ പേരുകളിലാണ് ഗുൽഷാന പ്രത്യക്ഷപ്പെട്ടിരുന്നത്. മാട്രിമോണിയൽ വഴി വിവാഹം ശരിയാകാത്ത പുരുഷന്മാരുടെ കുടുംബവുമായി ഗുൽഷാനയും ബന്ധുക്കളെന്ന വ്യാജേന ഗുൽഷാനയുടെ പിന്നിൽ പ്രവർത്തിക്കുന്ന സംഘവും നല്ല ബന്ധം സ്ഥാപിക്കും. ശേഷം വിവാഹം തീരുമാനിക്കുകയും വരന്റെ വീട്ടുകാർക്ക് സംശയം തോന്നാത്ത വിധം വിവാഹം നല്ല രീതിയിൽ നടത്തുകയും ചെയ്യും. പിന്നെയാണ് വിവാഹതട്ടിപ്പ്.
വിവാഹം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ അല്പം കഴിഞ്ഞോ നാലഞ്ച് പുരുഷന്മാരടങ്ങുന്ന സംഘം വധുവിനെ തട്ടിക്കൊണ്ട്പോകും. വരനും വീട്ടുകാരും എത്ര അന്വേഷിച്ചാലും വധുവിനെ കണ്ടെത്താൻ കഴിയില്ല. എല്ലാ വിവാഹങ്ങളിലും സമാന തട്ടിപ്പ് രീതിയാണ് സംഘം നടപ്പിലാക്കുന്നത്. ആഭരണങ്ങളും പണവും മൊബൈൽ ഫോണുകളുമടക്കം വരന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്ത് മുങ്ങും. അതിന് ശേഷം സംഘാംഗങ്ങൾ ഇവ വീതിച്ചെടുക്കുകയാണ് പതിവ്. തട്ടിപ്പ് നടത്തി കുറച്ച് ദിവസം പിന്നിടുമ്പോൾ വീണ്ടും മാട്രിമോണിയൽ സൈറ്റിൽ മറ്റൊരു പേരിൽ ഗുൽഷാന പ്രത്യക്ഷപ്പെട്ട് തട്ടിപ്പ് തുടരുകയാണ് പതിവ്.
എന്നാൽ കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബഷ്കാരിയിൽ നിന്നും സമാനരീതിയിൽ വിവാഹതട്ടിപ്പ് നടത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. ഗുൽഷാനയും അഞ്ച് സ്ത്രീകളുമടക്കം ഒൻപത് പേരാണ് പിടിയിലായത്. വിവാഹ ദിവസം ചടങ്ങുകൾ കഴിഞ്ഞപ്പോൾ സംഘത്തിലെ പുരുഷന്മാർ വധുവിനെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി. തുടർന്ന് വരൻ പൊലീസിന്റെ സഹായം തേടിയതോടെ പൊലീസ് കാര്യക്ഷമമായി ഇടപെടുകയായിരുന്നു.
സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. തുടർന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പിന്നീട് പ്രതികളെയെല്ലാം പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും വ്യാജ ആധാർകാർഡ്, 72,000 രൂപ, 11 മൊബൈൽ ഫോണുകൾ, ബൈക്ക്, സ്വർണമാല എന്നിവയും കണ്ടെടുത്തു. ഗുൽഷാന വിവാഹിതയാണ്. ഭർത്താവ് തയ്യൽക്കാരനാണ്. ഇദ്ദേഹത്തോടൊപ്പമാണ് ഗുൽഷാന താമസിക്കുന്നത്.
content highlights : Bride by day, con artist by night: 21-year-old UP woman held for duping 12 men she married