ഹൈദരാബാദ്: ഹൈദരാബാദ് തദ്ദേശ സ്ഥാപന മണ്ഡലം എംഎല്സി സീറ്റിലെ പരാജയം തെലങ്കാനയിലെ ബിജെപി മുന്നേറ്റത്തില് സംശയമുണ്ടാക്കുന്നു. എഐഎംഐഎം സ്ഥാനാര്ത്ഥിയാണ് വിജയിച്ചത്. ബിആര്എസ് വോട്ടുകള് നേടി വിജയിക്കാന് കഴിയുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. ഇത് കഴിയാതിരുന്നതോടെ മറ്റ് പാര്ട്ടികളില് നിന്ന് പിന്തുണ നേടി ബിജെപിക്ക് മുന്നേറാന് കഴിയുമോ എന്നതിലാണ് ചോദ്യമുയരുന്നത്.
ഈ സീറ്റില് ബിആര്എസ് വോട്ടുകള് നേടി വിജയിച്ചാല് സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളില് മാറ്റം വരുത്താന് കഴിയുമെന്നായിരുന്നു ബിജെപി പ്രതീക്ഷിച്ചത്. ഈ തന്ത്രം പൊളിഞ്ഞതോടെ ബിജെപി വൃത്തങ്ങളില് തര്ക്കം ഉടലെടുത്തിട്ടുണ്ട്. ബിജെപി സ്ഥാനാര്ത്ഥി എന് ഗൗതം റാവുവിന് പാര്ട്ടിയുടെ 28 വോട്ടുകളും സ്വന്തമാക്കാന് കഴിഞ്ഞിട്ടുണ്ട്. എന്നാല് വോട്ടെടുപ്പില് നിന്ന് വിട്ടുനിന്ന ബിആര്എസിന്റെ വോട്ടുകള് നേടാന് കഴിഞ്ഞില്ല. ബിആര്സ് തങ്ങളുടെ കോര്പ്പറേറ്റര്മാര്ക്ക് വിപ്പും നല്കിയിരുന്നു.
എന്നാലും 10 ബിആര്എസ് കോര്പ്പറേറ്റര്മാരെങ്കിലും പിന്തുണക്കുമെന്നാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. മുങ്ങുന്ന കപ്പലായതിനാല് ബിജെപിയെ പിന്തുണക്കുമെന്നും അടുത്ത തവണയും സീറ്റ് നല്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല് ആരും പിന്തുണച്ചെത്തിയില്ല.
ഇതോടെയാണ് ബിജെപിക്കുള്ളില് തര്ക്കം ഉടലെടുത്തത്. പാര്ട്ടിക്ക് ഇപ്പോഴും മറ്റു പാര്ട്ടികളിലെ നേതാക്കളെ ആകര്ഷിക്കാന് കഴിയുന്നില്ല, അങ്ങനെയെങ്കില് എങ്ങനെ സംസ്ഥാനത്ത് അധികാരത്തിലെത്താന് കഴിയുന്ന തരത്തിലേക്ക് വളരുമെന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ലോക്സഭ തിരഞ്ഞെടുപ്പില് 17ല് എട്ട് സീറ്റുകളില് വിജയിച്ചിട്ടും നിയമസഭ തിരഞ്ഞെടുപ്പില് ഈ ലോക്സഭ മണ്ഡലങ്ങളിലെ പല നിയോജക മണ്ഡലങ്ങളിലും പരാജയപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പില് 35.8 ശതമാനം വോട്ട് നേടി. എന്നാല് നിയമസഭ തിരഞ്ഞെടുപ്പില് 13.4 ശതമാനം വോട്ട് നേടാനെ കഴിഞ്ഞുള്ളു. മറ്റ് പാര്ട്ടികളില് നിന്ന് നിന്ന് നേതാക്കളെ എത്തിക്കാനുള്ള തന്ത്രങ്ങള് നേതാക്കള് നടത്തിയേ പറ്റൂവെന്നും ഈ വിഭാഗം ആവശ്യപ്പെടുന്നു.
Content Highlights: BJP’s failure to secure BRS votes in the recent Telangana Legislative Council election