മംഗളുരു ആൾക്കൂട്ട കൊലപാതകം; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് മംഗളുരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ നടപടി

മംഗളുരു: മലയാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് മംഗളുരു റൂറൽ പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ പി ചന്ദ്ര, കോൺസ്റ്റബിൾ യെല്ലാലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ആൾക്കൂട്ടക്കൊലപാതകമാണെന്ന് അറിഞ്ഞിട്ടും പൊലീസുകാർ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുന്നതിൽ വീഴ്ച വരുത്തി എന്നാണ് സസ്പെൻഷൻ ഉത്തരവിലുള്ളത്. കൊലപാതകം അസ്വാഭാവിക മരണമായാണ് രേഖപ്പെടുത്തപ്പെട്ടത്. അഷ്റഫിന്റെ മൃതദേഹം സംഭവ സ്ഥലത്ത് രണ്ട് മണിക്കൂറോളം കിടത്തിയതും പ്രാദേശിക പൊലീസിന്റെ വീഴ്ചയായി കണക്കാക്കുന്നതായി ഉത്തരവിലുണ്ട്.

മലപ്പുറം പറപ്പൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് കഴിഞ്ഞ 27-ാം തീയതിയായിരുന്നു ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. മംഗളുരു ബത്ര കല്ലുർത്തി ക്ഷേത്രത്തിന് സമീപത്തു നിന്നായിരുന്നു മൃതദേഹം കിട്ടിയത്. പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ്‌ അഷ്‌റഫിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രതികളുടെ മൊഴി. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അഷ്‌റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നായിരുന്നു സഹോദരൻ അബ്ദുൾ ജബ്ബാറിന്റെ പ്രതികരണം. മംഗലാപുരത്ത് നിന്നും പഴയ സാധനങ്ങൾ ശേഖരിക്കുന്ന ജോലിയാണ് അബ്ദുൾ ജബ്ബാറിനെന്നും സഹോദരൻ പറഞ്ഞിരുന്നു.

Content Highlights: Three policemen suspended in mob lynching of Malayali

To advertise here,contact us