ബെംഗളൂരു: കർണാടകയിൽ സർവ്വീസിനിടെ ബസ് നിർത്തിയിട്ട് നിസ്കരിച്ച ഡ്രൈവർക്ക് സസ്പൻഷൻ. ഹാവേരി -ഹുബ്ബള്ളി റൂട്ടിൽ സർവീസ് നടത്തുന്നതിനിടെയാണ് ജനങ്ങളുമായി സഞ്ചരിച്ച കർണാടക ആർടിസി ബസ് ഡ്രൈവർ എ ആർ മുല്ല വാഹനം നിർത്തിയിട്ട് നിസ്കരിച്ചത്. തുടർന്ന് ബസിലെ യാത്രക്കാരുടെ യാത്ര വൈകിപ്പിച്ചതായി ആരോപിച്ച് മുല്ല നിസ്കരിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനെ തുടർന്ന് ഡ്യൂട്ടിക്കിടെ മതപരമായ കാര്യങ്ങൾ ചെയ്തത് കെഎസ്ആർടിസിക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി മുല്ലയെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡിയുടെ നിർദേശ പ്രകാരമാണ് നടപടി. ഏപ്രിൽ 29 നാണ് സംഭവം നടന്നത്.
'ഒരു പൊതു സേവനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർ ചില നിയമങ്ങളും ചട്ടങ്ങളും നിർബന്ധമായും പാലിക്കേണ്ടതുണ്ട്. എല്ലാവർക്കും ഏത് മതവും ആചരിക്കാൻ അവകാശമുണ്ടെങ്കിലും, ഓഫീസ് സമയങ്ങളിൽ ഒഴികെ അവർക്ക് അങ്ങനെ ചെയ്യാൻ കഴിയും. ബസിൽ യാത്രക്കാർ യാത്ര ചെയ്യുമ്പോഴും ബസ് പകുതി വഴിയിൽ നിർത്തി നമസ്കരിക്കുന്നത് തെറ്റാണ്', മന്ത്രി റെഡ്ഡി തന്റെ പ്രസ്താവനയിൽ പറഞ്ഞു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹുബ്ബള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (NWKRTC) മാനേജിംഗ് ഡയറക്ടറോട് അദ്ദേഹം നിർദ്ദേശിച്ചു.
content highlights : Karnataka state bus driver suspended for stopping mid-route to offer namaz