'ബാബാ രാംദേവ് ജീവിക്കുന്നത് സ്വന്തം ലോകത്ത്'; സർബത്ത് ജിഹാദ് പരാമർശത്തിനെതിരെ ഡൽഹി ഹൈക്കോടതി

കോടതി അലക്ഷ്യത്തിന് അദ്ദേഹത്തിന് നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: പതഞ്ജലി സഹനിര്‍മാതാവ് ബാബാ രാംദേവിന്റെ വിവാദ പരാമര്‍ശത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. പാനീയമായ റൂഹ് ഹഫ്‌സയുടെ നിര്‍മാതാക്കളായ ഹംദാര്‍ദിനെതിരെ നടത്തിയ 'സര്‍ബത്ത് ജിഹാദ്' പരാമര്‍ശത്തിനെതിരെയാണ് ഡല്‍ഹി ഹൈക്കോടതി ബാബാ രാംദേവിനെ വിമര്‍ശിച്ചത്.

റൂഹ് അഫ്‌സയ്‌ക്കെതിരെയുള്ള ബാബാ രാംദേവിന്റെ വീഡിയോകള്‍ക്കെതിരെ കഴിഞ്ഞ ആഴ്ചയാണ് ഹംദാര്‍ദ് പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ന്യായീകരിക്കാനാവാത്തതും കോടതിയുടെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമായിരുന്നുവെന്ന് ഡല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെ പ്രസ്തുത വീഡിയോകള്‍ ബാബാ രാംദേവ് നീക്കം ചെയ്തിരുന്നു.

ഹംദാര്‍ദ് ഉള്‍പ്പെടെയുള്ള എതിരാളികളുടെ ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് മുമ്പുണ്ടായിരുന്നതിന് സമാനമായ ഒരു പ്രസ്താവനയും വീഡിയോകളും ഭാവിയില്‍ പങ്കിടരുതെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാംദേവ് വീണ്ടും ആക്ഷേപകരമായ ഉള്ളടക്കം അടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചതായി ഹംദാര്‍ദിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകായിരുന്നു.

തുടര്‍ന്ന് കോടതി അലക്ഷ്യത്തിന് അദ്ദേഹത്തിന് നോട്ടീസ് നല്‍കുമെന്ന് ജസ്റ്റിസ് അമിത് ബന്‍സാല്‍ അറിയിച്ചു. ബാബാം രാംദേവ് അദ്ദേഹത്തിന്റെ സ്വന്തം ലോകത്താണ് ജീവിക്കുന്നതെന്നും അമിത് ബന്‍സാല്‍ വിമര്‍ശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ എല്ലാ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും പുതിയ വീഡിയോ നീക്കം ചെയ്യുമെന്ന് ബാബാ രാംദേവിന്റെ അഭിഭാഷകന്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുന്‍ ഉത്തരവുകള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ നാളെ വീണ്ടും കോടതി ചേരും.

Content Highlights: Delhi High Court criticize Baba Ramdev

To advertise here,contact us