ഡല്ഹി: മെയ് 9 ന് നടക്കാനിരിക്കുന്ന റഷ്യയുടെ വിജയദിനാഘോഷത്തില് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. റഷ്യന് വിദേശകാര്യ വക്താവ് വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സിനോടാണ് ഇതുസംബന്ധിച്ച കാര്യം വ്യക്തമാക്കിയത്. എന്നാല് പ്രധാനമന്ത്രി യാത്ര റദ്ദാക്കിയതിന് പിന്നിലെ കാരണം റഷ്യന് ഉദ്യോഗസ്ഥന് വ്യക്തമാക്കിയിട്ടില്ല. പഹല്ഗാമിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് പ്രധാനമന്ത്രി യാത്ര മാറ്റിവെച്ചത് എന്നാണ് സൂചന. പ്രധാനമന്ത്രിക്ക് പകരം കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയിലെ പരിപാടിയിൽ പങ്കെടുക്കും.
രണ്ടാം ലോകമഹായുദ്ധത്തില് നാസി ജര്മ്മനിക്കെതിരായ വിജയത്തിന്റെ 80-ാം വാര്ഷികത്തോടനുബന്ധിച്ചാണ് റഷ്യയിലെ പരിപാടി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്പിംഗ് ഉള്പ്പെടെയുളള ലോകനേതാക്കള് പങ്കെടുക്കുന്ന പരിപാടിയില് നരേന്ദ്രമോദിയും പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.
ഏപ്രില് 22-ന് ജമ്മു കശ്മീരിലെ പഹല്ഗാമില് ഭീകരാക്രമണമുണ്ടായപ്പോള് സൗദി അറേബ്യയില് ഔദ്യോഗിക സന്ദര്ശനത്തിലായിരുന്ന പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. പഹല്ഗാമിലെ ബൈസരണ്വാലിയിലുണ്ടായ ഭീകരാക്രമണത്തില് 26 പേരാണ് കൊല്ലപ്പെട്ടത്. ഇവരില് അധികവും വിനോദസഞ്ചാരികളായിരുന്നു.
Content Highlights: narendra modi cancels russian trip due to security issues amid pahalgam attack