ജാതി സെന്‍സസ്: കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇൻഡ്യാ മുന്നണിയുടെ വിജയമെന്ന് എം കെ സ്റ്റാലിന്‍

സെന്‍സസ് എപ്പോള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു

ചെന്നൈ: രാജ്യത്ത് പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് തമിഴ്‌നാടും കര്‍ണാടകയുമുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍. ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഇൻഡ്യാ മുന്നണിയുടെ വിജയമാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. സെന്‍സസ് എപ്പോള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ ദേശീയ നയത്തിനൊപ്പം നില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജാതി സെന്‍സസിനൊപ്പം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സര്‍വ്വേ കൂടി നടത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ജാതി സെന്‍സസ് നടപ്പാക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തി. ജാതി സെന്‍സസ് രാജ്യത്ത് ആദ്യമായി നടപ്പിലാക്കിയത് തെലങ്കാനയാണെന്നും ഇന്ത്യ തെലങ്കാനയെ പിന്തുടരുന്നതില്‍ സന്തോഷമുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

സാമൂഹ്യ നീതിയിലേക്കുളള ആദ്യ ചുവടാണ് ജാതി സെന്‍സസ് നടപ്പിലാക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ഗൂഢലക്ഷ്യമാകരുത് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളില്‍ നടത്തിയത് ജാതി സര്‍വ്വേ ആണെന്നും അത് അശാസ്ത്രീയമായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. പ്രത്യേകമായി ജാതി സെന്‍സസ് നടപ്പാക്കില്ല. മറിച്ച് പൊതു സെന്‍സസിനൊപ്പം ജാതി കണക്കെടുപ്പ് നടത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. എല്ലായ്‌പ്പോഴും ജാതി സെന്‍സസിനെ എതിര്‍ത്തവരാണ് കോണ്‍ഗ്രസെന്നും സ്വാതന്ത്ര്യത്തിനുശേഷം നടത്തിയ സെന്‍സസുകളിലൊന്നും തന്നെ ജാതി രേഖപ്പെടുത്തിയിരുന്നില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Content Highlights: mk stalin support central govt decision to do caste sensus

To advertise here,contact us