ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാവാത്ത വിശാലത ഒരു കടലിനുമില്ല: മുന്നറിയിപ്പുമായി ഇന്ത്യൻ നാവികസേന

എപ്പോഴും ദൗത്യത്തിന് സജ്ജമെന്ന് വ്യക്തമാക്കി നേരത്തെയും നാവികസേന കുറിപ്പ് പങ്കുവെച്ചിരുന്നു

ന്യൂഡൽഹി: ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ എക്സ് പോസ്റ്റുമായി ഇന്ത്യൻ നാവികസേന. 'ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാവാത്ത വിശാലത ഒരു കടലിനുമില്ല' എന്നാണ് കുറിപ്പ്. എപ്പോഴും ദൗത്യത്തിന് സജ്ജമെന്ന് വ്യക്തമാക്കി നേരത്തെയും നാവികസേന കുറിപ്പ് പങ്കുവെച്ചിരുന്നു. “ദൗത്യത്തിന് തയ്യാർ, എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും”, എന്നായിരുന്നു ആദ്യത്തെ കുറിപ്പ്. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവർ വ്യക്തമാക്കിയിരുന്നു.

Fuelling the Maritime Might - No mission too distant, No Sea too vast#FleetSupport #AnytimeAnywhereAnyhow pic.twitter.com/p4Dk7Qzw27

അതേസമയം, ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് കനത്ത തിരിച്ചടി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്താൻ. 24 മുതൽ 36 മണിക്കൂറിനുളിൽ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താൻ തയ്യാറെടുക്കുകയുകയാണ് എന്നും പാക് മന്ത്രി അത്താഉല്ല തരാർ പറഞ്ഞു. എക്‌സിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

തിരിച്ചടിക്കായി ഇന്ത്യൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കെയാണ് തരാർ ആശങ്ക പങ്കുവെച്ചത്. ഏത് സമയത്ത്, ഏത് തരത്തിലുള്ള തിരിച്ചടി നടത്തണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇന്ത്യൻ സൈന്യത്തിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഔദ്യോഗിക വസതയിൽ ചേർന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.

Content Highlights: indian navy with x post

To advertise here,contact us