മൂന്നും ഒന്നും വയസ്സുള്ള മക്കള്‍ പാകിസ്താനില്‍, അതിര്‍ത്തി കടക്കാനാവാതെ അമ്മ; ഉത്തരവ് നടപ്പാക്കി ഉദ്യോഗസ്ഥര്‍

അമ്മയില്ലാതെ നില്‍ക്കാന്‍ കഴിയാത്തത്ര ചെറിയ കുട്ടികളാണ് സനയുടേതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു അവള്‍ക്ക് കിട്ടിയ നിര്‍ദേശം.

ന്യൂഡല്‍ഹി:പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പൗരന്മാര്‍ ഇന്ത്യ വിടണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ അട്ടാരി-വാഗ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരയെ തടഞ്ഞു. ഉത്തര്‍പ്രദേശ് മീററ്റിലുള്ള സനയെയാണ് അതിര്‍ത്തിയില്‍ തടഞ്ഞത്.

കാറാച്ചിയില്‍ ഡോക്ടറായ ബിലാലിനെയാണ് യുവതി വിവാഹം കഴിച്ചിരിക്കുന്നത്. 2020ലായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് മൂന്നുവയസ്സുള്ള മകനും ഒരു വയസ്സുള്ള മകളുമുണ്ട്. സനയുടെ കൈവശമുള്ളത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടാണ്. പാസ്‌പോര്‍ട്ടുമായി അതിര്‍ത്തി കടക്കാനെത്തിയ യുവതിയെ അതിര്‍ത്തിയില്‍ സുരക്ഷാസേന തടയുകയായിരുന്നു. എന്നാല്‍ പാക് പാസ്‌പോര്‍ട്ടുള്ള സനയുടെ രണ്ടുകുട്ടികളോടും പാകിസ്താനിലേക്ക് പോകാനും നിര്‍ദേശിച്ചു.

മാതാപിതാക്കളെ കാണുന്നതിന് വേണ്ടിയാണ് യുവതി കുട്ടികളുമായി ഇന്ത്യയിലെത്തിയത്. കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ സനയോട് നാടുവിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി അവര്‍ പറഞ്ഞു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം കുട്ടികളുമായി അട്ടാരി-വാഗ അതിര്‍ത്തിയില്‍ ഇവരെത്തി. സനയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കണ്ട് അധികൃതര്‍ ഇവരോട് മീററ്റിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം സനയുടെ ചെറിയകുട്ടികള്‍ പാകിസ്താനിലേക്ക് പോകണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ഇതോടെ സന കരയാന്‍ തുടങ്ങി. അമ്മയില്ലാതെ നില്‍ക്കാന്‍ കഴിയാത്ത അത്ര ചെറിയ കുട്ടികളാണ് സനയുടേതെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടും സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വരുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു അവള്‍ക്ക് കിട്ടിയ നിര്‍ദേശം. വിവാഹത്തിന് ശേഷം ഇത് രണ്ടാമത്തെ തവണയാണ് സന ഇന്ത്യയിലെത്തിയത്.

'എനിക്ക് അങ്ങോട്ട് പോകാനാകില്ല, എന്റെ കുട്ടികള്‍ക്ക് ഇവിടെ നില്‍ക്കാനും സാധിക്കില്ല. ഞങ്ങളെ സ്വീകരിക്കാന്‍ എന്റെ ഭര്‍ത്താവ് അതിര്‍ത്തിയില്‍ വന്നിരുന്നു.'കരഞ്ഞുകൊണ്ട് സന പറഞ്ഞു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട തന്നെ പാകിസ്താനിലേക്ക് അയയ്ക്കാന്‍ സഹായിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

സനയുടേതിന് സമാനമായ നിരവധി സംഭവങ്ങളാണ് അതിര്‍ത്തിയില്‍ അരങ്ങേറുന്നത്. ഒട്ടേറെ കുട്ടികളാണ് അമ്മയോട് യാത്ര പറഞ്ഞ് അതിര്‍ത്തി കടന്ന് അച്ഛനരികിലേക്ക് മടങ്ങിയത്.

Content Highlights: UP Woman Stopped At Attari Border While Trying To Return To Husband In Pak

To advertise here,contact us