ശ്രീനഗര്: പഹല്ഗാമില് നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭീകരരെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്ത്. ഹാഷിം മൂസ, അലിഭായ് എന്ന തല്ഹ, ആദില് ഹുസൈന് തോക്കര് എന്നിവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം ഇവരുടെ രേഖാചിത്രം പുറത്തുവിട്ടിരുന്നു. ഹാഷിം മൂസയും അലി ഭായിയും കഴിഞ്ഞ രണ്ട് വര്ഷമായി കശ്മീര് താഴ്വരയിലുളളവരാണ്. മൂസ 2023-ലാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ശ്രീനഗറിനടുത്തുളള ബഡ്ഗാം ജില്ല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്ത്തനം. മൂസ വന്നതിനുശേഷം അലി രാജ്യത്തേക്ക് നുഴഞ്ഞുകയറി. ഡച്ചിഗാം കാടുകളായിരുന്നു ഇയാളുടെ പ്രവര്ത്തന കേന്ദ്രം.
സൗത്ത് കശ്മീര് സ്വദേശി ആദില് ഹുസൈന് തോക്കര് 2018-ല് പാകിസ്താനിലേക്ക് പോയി. ഭീകരവാദ പരിശീലനം തേടി തിരിച്ചെത്തി. മൂസയ്ക്കും അലിക്കും ഗൈഡായാണ് ആദില് ഹുസൈന് തോക്കര് പ്രവര്ത്തിച്ചിരുന്നത്. നാലാമത്തെ ഭീകരന്റെ വിശദാംശങ്ങള് ശേഖരിച്ചുവരികയാണെന്ന് ജമ്മു കശ്മീര് പൊലീസ് അറിയിച്ചു. ഭീകരരുടെ ഹെല്മറ്റുകളില് ക്യാമറകള് ഘടിപ്പിച്ചിരുന്നതായും ഇവര് പകര്ത്തിയ ദൃശ്യങ്ങള് പ്രചരിപ്പിക്കാതിരിക്കാനുളള നടപടികള് സ്വീകരിക്കുമെന്നും അന്വേഷണ ഏജന്സികള് വ്യക്തമാക്കി.
സംയുക്തസേന ഭീകരര്ക്കായുളള വ്യാപക തെരച്ചില് തുടരുകയാണ്. പീര്പഞ്ചാല് മേഖലയിലാണ് ഇവരുളളതെന്നാണ് ലഭിക്കുന്ന വിവരം. ഭീകരരെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് അനന്ത്നാഗ് പൊലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാന് അനന്ത്നാഗ് അഡീഷണല് എസ്പിയുടെ നേതൃത്വത്തില് ജമ്മു കശ്മീര് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന് ഐ എ സംഘം ബെെസരണില് നിന്നും ഫോറന്സിക് തെളിവുകള് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
Content Highlights: Pahalgam terror attack: More details of terrorists revealed