'നീചവും മനുഷ്യത്വരഹിതവും'; പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സുപ്രീംകോടതി

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സുപ്രീംകോടതി മൗനം ആചരിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ അഴിച്ചുവിട്ട ആക്രമണത്തെ അപലപിച്ച് സുപ്രീംകോടതി. ഫുള്‍കോര്‍ട്ട് യോഗം വിളിച്ച് സുപ്രീംകോടതി പ്രമേയം പാസാക്കി. നീചവും മനുഷ്യത്വരഹിതവുമായ ആക്രമണമാണ് പഹല്‍ഗാമില്‍ നടന്നതെന്ന് സുപ്രീംകോടതി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് മുന്‍പ് നടന്ന ഭീകരാക്രമണങ്ങളിലൊന്നും സുപ്രീംകോടതി ഈ നിലയിലുള്ള നിലപാട് സ്വീകരിച്ചിരുന്നില്ല. പഹല്‍ഗാമില്‍ നിരപരാധികളായ 28 പേരുടെ ജീവന്‍ കവര്‍ന്ന ഭീകരാക്രമണം നടന്ന് തൊട്ടടുത്ത ദിവസമാണ് സുപ്രീംകോടതി പ്രമേയം പാസാക്കിയിരിക്കുന്നത്. ഭീകരര്‍ അഴിച്ചുവിട്ടത് ക്രൂരമായ ആക്രമണമാണെന്നും സുപ്രീംകോടതി വിലയിരുത്തി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച സുപ്രീംകോടതി മൗനം ആചരിച്ചു.

ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.

Content Highlights-  Supreme Court Condemns Pahalgam Terrorist Attack

To advertise here,contact us