ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സെയ്ഫുള്ള കസൂരിയെന്ന് സൂചന; പിന്നിൽ ലഷ്കർ ഇ തൊയ്ബ തന്നെയെന്ന് സ്ഥിരീകരണം

ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്

ന്യൂ ഡൽഹി: രാജ്യത്തെയാകെ ഞെട്ടിച്ച പഹൽ​ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന. ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ - ഐഎസ്ഐ ആസൂത്രിത ആക്രമണമെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഭീകരരെത്തിയത് രണ്ട് ബൈക്കുകളിലായാന്നെയാണ് സൂചന. അതേസമയം, സൗദി അറേബ്യയില്‍ നിന്നും തിരിച്ചെത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. എസ് ജയശങ്കര്‍, അജിത് ഡോവല്‍ വിക്രം മിസ്രി എന്നിവരുമായാണ് കൂടിക്കാഴ്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേരും.

പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പിസിസി പ്രസിഡന്റ് താരിഖ് കർറ എന്നിവരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി അറിയിച്ചു.

'പഹൽഗാമിലെ ഭീകരാക്രമണത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ, ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ജമ്മു കശ്മീർ പിസിസി പ്രസിഡന്റ് താരിഖ് കർറ എന്നിവരുമായി ഞാൻ സംസാരിച്ചു. സ്ഥിതിഗതികൾ സംബന്ധിച്ച് അപ്‌ഡേറ്റ് ലഭിച്ചു' എന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.

Content Highlights: Saifullah Kasuri on radar on Pahalgam attack

To advertise here,contact us