പഹല്‍ഗാം ഭീകരാക്രമണം; ഭീകരവാദിയുടെ ആദ്യ ചിത്രം പുറത്ത്

ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ - ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘത്തിലാെരാളുടെ ആദ്യ ചിത്രം പുറത്ത്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുത്ത് രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്നും സൂചനയുണ്ട്.

ബൈസരൻ വാലിയിൽ നടന്നത് ലഷ്കർ - ഐഎസ്ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്. ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 'മിനി സ്വിറ്റ്സർലൻഡ്' എന്നറിയപ്പെടുന്ന മനോഹരമായ സ്ഥലമായ ബൈസരൻവാലി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികൾക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:30 ഓടെ ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 28 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.

ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദ്വിദിന സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെത്തി. കേന്ദ്ര ധനമന്ത്രി നിർമല സീതാരമനും വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രം​ഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ച ട്രംപ് ആക്രമണത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യക്ക് പൂര്‍ണ്ണമായ പിന്തുണ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് നില്‍ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

Content Highlights: Pahalgam attacker's first photo out

To advertise here,contact us