ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമത്തിൽ പ്രതികരണവുമായി സിനിമാതാരങ്ങൾ. തമന്ന, കീർത്തി സുരേഷ്, മാളവിക മോഹനൻ, രശ്മിക മന്ദാന തുടങ്ങി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഭവത്തെ അപലപിച്ചിരിക്കുന്നത്.
തന്റെ ഹൃദയം തകരുന്നു എന്നാണ് പഹൽഗാം ഭീകരാക്രമത്തിന്റെ വാർത്ത പങ്കുവെച്ചുകൊണ്ട് രശ്മിക സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. പഹൽഗാമിലെ ആക്രമണത്തിലെ ഇരകൾക്ക് അനുശോചനം അറിയിച്ച ഹൻസിക പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിച്ചു. സംഭവത്തിലെ ഞെട്ടൽ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച മാളവിക മോഹനൻ കശ്മീരിലെ യാത്രയുടെ ഓർമ്മയും പങ്കുവെച്ചു.
മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ തുടങ്ങിയ മലയാള താരങ്ങളും ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽഗാമിൽ നടന്നതെന്നും വാക്കുകൾ നഷ്ടമാകുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ സായുധസേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെയായിരുന്നു പഹല്ഗാമില് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്ക്ക് നേരെ പൈന് മരങ്ങള്ക്കിടയില് നിന്നിറങ്ങിവന്ന ഭീകരര് വെടിയുതിര്ക്കുകയായിരുന്നു. മലയാളി ഉള്പ്പെടെ 28 പേര്ക്കാണ് ജീവന് നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്കര് ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്കര് നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന് എന്നാണ് ഏറ്റവും ഒടുവില് പുറത്തുവന്നിരിക്കുന്ന വിവരം.
Content Highlights: Celebrities shares condolences on Pahalgam terror attack