'ഹൃദയഭേദകവും ഞെട്ടിക്കുന്നതും, ഇനി ആരും ഇത് നേരിടേണ്ടി വരരുത്': പഹല്‍ഗാം ഭീകരാക്രമണത്തിൽ സൂര്യ

മോഹൻലാൽ, മമ്മൂട്ടി, അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി പേർ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു

ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ അപലപിച്ച് നടൻ സൂര്യ. ഹൃദയഭേദകവും ആഴത്തിൽ ഞെട്ടിക്കുന്നതുമാണ് സംഭവമെന്നും ഇനി ആരും ഇത് നേരിടേണ്ടി വരരുതെന്നും സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

'ഹൃദയഭേദകവും ആഴത്തിൽ ഞെട്ടിക്കുന്നതും. ഇനി ആരും ഇത് നേരിടേണ്ടി വരരുത്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്ത്യ ഐക്യത്തോടെയും ശക്തമായും നിലകൊള്ളും. സമാധാനത്തിലേക്കുള്ള ശാശ്വതമായ ഒരു പാത ഉദിക്കട്ടെ', എന്നാണ് സൂര്യയുടെ വാക്കുകൾ. മോഹൻലാൽ, മമ്മൂട്ടി, അക്ഷയ് കുമാർ, ഷാരൂഖ് ഖാൻ, മഞ്ജു വാര്യർ തുടങ്ങി നിരവധി പേർ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

Heartbreaking and deeply shocking. No one should have to face this again. Praying for the victims and their families. India will stay united and stronger. May a lasting path to peace emerge.#PahalgamTerroristAttack

ഭീകരാക്രമണത്തിന് ഇരയായവരെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപഹരിക്കുന്നതിനെ ഒരു കാരണത്താലും ന്യായീകരിക്കാൻ കഴിയില്ലെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽ​ഗാമിൽ നടന്നതെന്നും വാക്കുകൾ നഷ്ടമാകുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ സായുധസേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെയായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 28 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ആക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. ലഷ്‌കര്‍ നേതാവ് സെയ്ഫുള്ള കസൂരിയാണ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം.

Content Highlights: Actor Suriya condemns Pahalgam terror attack

To advertise here,contact us