പഹൽ​ഗാം ഭീകരാക്രമണം; മരിച്ചവരില്‍ മലയാളിയും, കൊല്ലപ്പെട്ടത് ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍

മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ് വിവരം

ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ് വിവരം. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥൻ ബിഹാർ സ്വദേശിയായ മനീഷ് രഞ്ചനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം ജമ്മുവിലേക്ക് യാത്ര പോയതായിരുന്നു മനീഷ്.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിട്ടുണ്ട്. കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്.

ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനിൽനിന്നുള്ള വിനോദ സഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ആക്രമണത്തിൽ 27 പേർ മരിച്ചതായാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധിപ്പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Content Highlights: Malayali among those killed in Pahalgam terror attack

To advertise here,contact us