ഇതരജാതിക്കാരനെ പ്രണയിച്ചു; ആന്ധ്രയിൽ 20-കാരിയെ മരത്തിൽ കെട്ടിത്തൂക്കി പെട്രോളൊഴിച്ച് കത്തിച്ച് പിതാവ്

ഓടിരക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കുകയും പിന്നീട് തീ കൊളുത്തി കൊല്ലുകയുമായിരുന്നു.

ഹൈദരാബാദ് : ആന്ധ്രയിൽ വീണ്ടും ദുരഭിമാനക്കൊല. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ച് മകളെ മരത്തിൽ കെട്ടി തൂക്കി പെട്രോൾ ഒഴിച്ച് കത്തിച്ച്‌ അച്ഛൻ. ബിരുദ വിദ്യാർത്ഥിനിയായ 20-കാരി ഭാരതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലപ്പെട്ട ഭാരതിയുടെ പിതാവ് രാമഞ്ജനേയല്ലു പൊലീസിൽ കീഴടങ്ങി. കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊല നടത്തിയതെന്നാണ് പൊലീസിൽ കീഴടങ്ങിയ രാമഞ്ജനേയല്ലു പറഞ്ഞത്.

മാർച്ച് ഒന്നിന് അനന്തപൂർ ജില്ലയിലെ കസപുരം ഗ്രാമത്തിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്. ഇതരജാതിയിലുള്ള യുവാവുമായി അഞ്ച് വർഷമായി ഭാരതി പ്രണയത്തിലായിരുന്നു. യുവാവിനെ മാത്രമേ വിവാഹം കഴിക്കുവെന്ന് പെൺകുട്ടി ശഠിച്ചു. വീട്ടുകാർ വിവാഹത്തെ ശക്തമായി എതിർത്തതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയും, അമ്മയോട് ഏറെ നാളായി മിണ്ടിയിരുന്നില്ല എന്നും റിപ്പോർട്ടുണ്ട്. മാർച്ച് 1ന് രാമഞ്ജനേയല്ലു ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയെ വിളിച്ചു കൊണ്ട് വരികയും ആളൊഴിഞ്ഞ പറമ്പിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ മരത്തിൽ കെട്ടിത്തൂക്കുകയും പിന്നീട് തീ കൊളുത്തി കൊല്ലുകയുമായിരുന്നു.

ലഘുഭക്ഷണങ്ങളും പ്രഭാതഭക്ഷണവും വിറ്റാണ് പ്രതി രാമഞ്ജനേയല്ലു ഉപജീവനം നടത്തിയിരുന്നത്. കൊല്ലപ്പെട്ട ഭാരതി കുർണൂലിൽ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിയാണ്. രാമഞ്ജനേയലുവിന്റെ നാല് പെൺമക്കളിൽ ഏറ്റവും ഇളയ മകളായിരുന്നു ഭാരതി.

content highlights : Father kills daughter over relationship in AP's Anantapur

To advertise here,contact us