ആറ് മാസം മുമ്പ് വിവാഹം; സ്ത്രീധന പീഡനത്തെത്തുടർന്ന് ടെക്കി യുവതി ജീവനൊടുക്കി

നിസാംപേട്ടിലുള്ള ഫ്ലാറ്റും വസ്തുവും തന്റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീഷ് യുവതിയെ ഉപദ്രവിച്ചുവെന്ന് കുടുംബം പറയുന്നു

ഹൈദരാബാദ്: സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവിൽ നിന്ന് പീഡനം നേരിട്ട യുവതി ആത്മഹത്യ ചെയ്തു. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ ദേവികയാണ് ജീവനൊടുക്കിയത്. ഞായറാഴ്ച സൈബരാബാദിലെ റായ്ദുർഗത്തിലെ ഫ്ലാറ്റിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം ആറ് മാസം മുമ്പാണ് സതീഷ് ചന്ദ്രയെന്നയാളെ ദേവിക വിവാഹം കഴിച്ചത്. നിസാംപേട്ടിലുള്ള ഫ്ലാറ്റും വസ്തുവും തന്റെ പേരിൽ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സതീഷ് യുവതിയെ ഉപദ്രവിച്ചുവെന്ന് കുടുംബം പറയുന്നു.

സ്ത്രീധന പീഡനത്തിന് സതീഷിനെതിരെ റായ്ദുർഗം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഐഐടി ഖരഗ്പൂരിലെ പൂർവ്വ വിദ്യാർത്ഥിയാണ് സതീഷ്. ദേവിക ബെംഗളൂരുവിലെ ഒരു പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടി. ബെംഗളൂരുവിലെ തന്നെ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പരിചയത്തിലായത്.

കഴിഞ്ഞ രണ്ട് മാസത്തോളമായി കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നു. ഞായറാഴ്ച ദമ്പതികൾ വീണ്ടും വഴക്കിട്ടു. തുടർന്ന് സതീഷ് ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. പലതവണ യുവതി മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും സതീഷ് എടുത്തിരുന്നില്ല.

രാത്രിയോടെ മടങ്ങിയെത്തിയ ഇയാൾ സ്പെയർ കീ ഉപയോഗിച്ച് ഫ്ലാറ്റിലേക്ക് കയറി. കിടപ്പുമുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ ദേവിക ഉറങ്ങിപ്പോയെന്നാണ് സതീഷ് കരുതിയത്. തുടർന്ന് അയാൾ മറ്റൊരു മുറിയിൽ ഉറങ്ങാൻ കിടന്നു.

തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകാൻ ദേവികയെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹസമയത്ത് സ്ത്രീധനമായി പണവും സ്വർണ്ണാഭരണങ്ങളും നൽകിയിരുന്നതായി ദേവികയുടെ അമ്മ ലക്ഷ്മി പറഞ്ഞു.

ലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചോദ്യം ചെയ്യലിനായി സതീഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ദേവികയുടെ മൃതദേഹം കുടുംബത്തിന് കൈമാറി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Techie woman died due to dowry harassment

To advertise here,contact us