സ്വര്‍ണക്കടത്തിന് പിന്നില്‍ ബ്ലാക്ക്‌മെയില്‍; അന്വേഷണ സംഘത്തിന് മൊഴി നല്‍കി രന്യ റാവു

നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്

ബെംഗളൂരു: ബ്ലാക്‌മെയില്‍ ചെയ്താണ് തന്നെ കൊണ്ട് സ്വര്‍ണം കടത്തിച്ചതെന്ന് കന്നഡ നടി രന്യ റാവു. നടി അന്വേഷണ സംഘത്തിന് നൽകി മൊഴിയിലാണ് ഇക്കാര്യമുള്ളത്. ഇന്നലെയാണ് സ്വർണക്കടത്തുകേസിൽ നടി അറസ്റ്റിലായത്. 14 കിലോ വരുന്ന സ്വര്‍ണക്കട്ടികള്‍ ബെല്‍റ്റില്‍ ഒളിപ്പിപ്പിച്ചും 800 ഗ്രാം ആഭരണങ്ങൾ അണിഞ്ഞുമായിരുന്നു രന്യ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലാകുന്നത്. നിലവിൽ നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Also Read:

National
പത്ത് ദിവസം ധ്യാനമിരിക്കാൻ അരവിന്ദ് കെജ്‌രിവാള്‍; വിമർശനവുമായി കോൺ​ഗ്രസ്

രന്യ റാവുവിന്റെ വീട്ടിൽ നിന്ന് അനധികൃത പണവും സ്വർണവും കണ്ടെടുത്തിട്ടുണ്ട്. 2.5 കോടി രൂപയും 2.06 കോടിയുടെ സ്വർണവുമാണ് റവന്യു ഇന്റലിജൻസ് കണ്ടെടുത്തത്. ബെംഗളൂരുവിലെ ലവല്ലേ റോഡിലെ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ നാല് തവണ ദുബായ് സന്ദർശനം നടത്തിയതോടെയാണ് നടി ഡി ആർ ഐയുടെ നിരീക്ഷണത്തിലായത്. 15 ദിവസത്തിനിടെ നാല് ദുബായ് യാത്രകളാണ് രന്യ നടത്തിയിരുന്നത്. ഈ യാത്രകളിലെല്ലാം ഒരേ വസ്ത്രം ധരിച്ചതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു. സ്വര്‍ണം ഒളിപ്പിച്ച ബെല്‍റ്റ് മറയ്ക്കുന്നതിനാണ് ഒരേ വസ്ത്രം തിരഞ്ഞെടുത്തതെന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ സംശയം. ഇതിനിടെ വിമാനത്തവളത്തിലെത്തുമ്പോള്‍ ലഭിച്ച പ്രോട്ടോക്കോള്‍ സംരക്ഷണവും ഇവര്‍ സ്വര്‍ണക്കടത്തിന് മറയാക്കിയെന്നാണ് വിവരം.

ബസവരാജു എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ടെര്‍മിനലില്‍ രന്യയെ കാണാറുണ്ടായിരുന്നു. രന്യയെ അനുഗമിച്ച് പുറത്തേക്ക് കൊണ്ടുപോയി സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിവിടുന്നത് ഈ ഉദ്യോഗസ്ഥനാണ്. വിമാനത്താവളത്തിലെ സാധാരണ പരിശോധനകള്‍ ഒഴിവാക്കിയായിരുന്നു ഈ നീക്കങ്ങള്‍. ഇയാളേയും ഡിആര്‍ഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കര്‍ണാടക പൊലീസ് ഹൗസിങ് കോര്‍പ്പറേഷന്‍ ഡിജിപി ആയിട്ടുള്ള രാമചന്ദ്ര റാവുവിന്റെ മകളാണ് രന്യ. മകള്‍ പിടിയിലായത് സംബന്ധിച്ച് അദ്ദേഹം പ്രതികരണത്തിന് തയ്യാറായില്ല. നാലു മാസം മുമ്പ് വിവാഹിതയായ ശേഷം അവള്‍ വീട്ടിലേക്ക് വന്നിട്ടില്ലെന്നായിരുന്നു അദ്ദേഹം ഇതിനോട് പ്രതികരിച്ചത്.

Content Highlight : Gold smuggling; Ranya Rao's statement that he smuggled gold by blackmail

To advertise here,contact us