തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിൻ്റെ ജന്മദിനം ആഘോഷിക്കാൻ അവധി; പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ

രംഗ റെഡ്ഡി ജില്ലയിലെ നന്ദനവനം കോളനിയിലെ എംപിപി സ്‌കൂളിലെ പ്രധാനാധ്യാപിക രജിതക്കെതിരെയാണ് അച്ചടക്ക നടപടി

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആ‍ർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിന്റെ ജന്മദിനം ആഘോഷിക്കാൻ സ്കൂളിന് അവധി നൽകിയ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ. ഫെബ്രുവരി 17-ന് കെസിആറിന്റെ 71-ാം ജന്മദിനം ആഘോഷിക്കാൻ അദ്ധ്യാപിക അവധി നൽകുകയും സ്‌കൂൾ പരിസരം ആഘോഷത്തിന് വിട്ടു നൽകുകയും ചെയ്തതിൻ്റെ പേരിലാണ് നടപടി. രംഗ റെഡ്ഡി ജില്ലയിലെ നന്ദനവനം കോളനിയിലെ എംപിപി സ്‌കൂളിലെ പ്രധാനാധ്യാപിക രജിതക്കെതിരെയാണ് അച്ചടക്ക നടപടി.

1964-ലെ തെലങ്കാന സിവിൽ സർവീസസ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ഉത്തരവ്.മുൻ ബിആർഎസ് കോർപറേറ്ററുടെ നേതൃത്വത്തിലായിരുന്നു സ്കൂളിൽ ആഘോഷം. സ്കൂൾ വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് ബിആർഎസിന്റെ പാർട്ടി ഷാൾ ധരിച്ചാണ് കോർപറേറ്റർ എത്തിയത്. തെലങ്കാനയിൽ വിദ്യാഭാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിരോധിച്ചിട്ടുണ്ട്. സ്കൂളും പരിസരവും രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് വേദിയാക്കരുതെന്ന നിയമവും നിലനിൽക്കുന്നുണ്ട്. അധ്യാപകർ അവരുടെ രാഷ്ട്രീയം സ്കൂളുകളിൽ പ്രചരിപ്പിക്കുന്നതിനുള്ള വിലക്കും നിലനിൽക്കുന്നുവെന്നാണ് പ്രധാന അധ്യാപികക്ക് നൽകിയ സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.

Content Highlights: KCR's birthday celebrations in a Telangana govt school end in suspension for headteacher

To advertise here,contact us