ഡല്‍ഹിയിലെ സംഘടന സംവിധാനം പൊളിച്ചു പണിയാന്‍ ആംആദ്മി പാര്‍ട്ടി; മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ്

ആംആദ്മി പാര്‍ട്ടി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

ഡല്‍ഹിയിലെ സംഘടന സംവിധാനം പൊളിച്ചു പണിയാന്‍ ആംആദ്മി പാര്‍ട്ടി; മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പാര്‍ട്ടി സംവിധാനം ഈ മാസത്തിനുള്ളില്‍ തന്നെ പുനഃസംഘടിപ്പിക്കുമെന്ന് ആംആദ്മി പാര്‍ട്ടി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ്. നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെയാണ് രാജ്യതലസ്ഥാനത്തെ പാര്‍ട്ടിയെ പൊളിച്ചുപണിയാന്‍ ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.

ബിജെപി അവരുടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രഖ്യാപിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍, അടുത്ത നീക്കങ്ങള്‍ ആലോചിക്കുന്നതിന് വേണ്ടി. പക്ഷെ അവര്‍ ദിവസങ്ങളെടുക്കുകയാണ്. അത് കൊണ്ട് ഡല്‍ഹിയിലെ പാര്‍ട്ടി സംവിധാനത്തിന്റെ പുനഃസംഘടന നടപ്പിലാക്കാനാണ് ആംആദ്മി പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. സംഘടന സെക്രട്ടറിമാര്‍, അദ്ധ്യക്ഷന്‍മാര്‍, ജില്ലാ അദ്ധ്യക്ഷന്‍മാര്‍ എന്നിവരെല്ലാവരോടും പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് മര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഫെബ്രുവരി 19ന് യോഗം നടക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.

ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങളെയെല്ലാം ലംഘിച്ചിട്ടും ആംആദ്മി പാര്‍ട്ടിക്ക് 43.6% വോട്ട് നേടാനായി. ആംആദ്മി പാര്‍ട്ടിയേക്കാള്‍ വെറും രണ്ട് ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് അധികം. ഡല്‍ഹിയിലെ ജനങ്ങള്‍ ആംആദ്മി പാര്‍ട്ടിയില്‍ വിശ്വാസം പുലര്‍ത്തുന്നുവെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ബിജെപി എല്ലാ അധികാര കേന്ദ്രങ്ങളെയും ദുരുപയോഗം ചെയ്തു. എല്ലാ ശക്തിയും എല്ലാ സംസ്ഥാനത്ത് നിന്നുള്ള നേതാക്കളെയും പ്രയോഗിച്ചു ഈ തിരഞ്ഞെടുപ്പ് വിജയിക്കാന്‍. പക്ഷെ ഡല്‍ഹിയിലെ ജനങ്ങള്‍ ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്‌തെന്നും ഗോപാല്‍ റായ് പറഞ്ഞു.

ആംആദ്മി പാര്‍ട്ടി ശക്തമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു.

Content Highlights: AAP to restructure party organisation in Delhi

To advertise here,contact us