'തലാലിന്റെ കുടുംബത്തിന് 40,000 ഡോളർ നൽകിയെന്നത് തെറ്റ്'; കേന്ദ്രത്തെ വിമർശിച്ച് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ

'ചെയ്യാനാകുന്ന നടപടികൾ ഇപ്പോഴും കേന്ദ്രം ചെയ്യാത്തത് എന്തുകൊണ്ടാണ്?'

ന്യൂഡൽഹി: കേന്ദ്ര സർ‌ക്കാരിനെതിരെ വിമർശനവുമായി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ. യെമനിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജ്യസഭയിൽ നൽകിയ മറുപടിയിൽ നിരവധി തെറ്റുകൾ ഉണ്ടെന്ന് ആക്ഷൻ കൗൺസിൽ അം​ഗം അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരൻ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബത്തിന് 40,000 ഡോളർ നൽകി എന്ന് പറഞ്ഞത് തെറ്റ് ആണെന്ന് സുഭാഷ് ചന്ദ്രൻ ചൂണ്ടിക്കാട്ടി. ഒരു പണവും ആർക്കും കൈമാറിയിട്ടില്ലെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.

നിമഷ പ്രിയയ്ക്ക് അഭിഭാഷകനെ നൽകിയതും, അമ്മയ്ക്ക് യെമനിൽ പോകാൻ സാഹചര്യം ഒരുക്കിയതും ഡൽഹി ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണെന്നും അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ പറഞ്ഞു. കേന്ദ്ര സർക്കാരിന് മാത്രമേ ഇനി എന്തെങ്കിലും ചെയ്യാൻ പറ്റൂ. ഇനിയും പ്രതീക്ഷ ഉണ്ട്, ചെയ്യാനാകുന്ന നടപടികൾ ഇപ്പോഴും കേന്ദ്രം ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രൻ ചോദിച്ചു.

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനായി 40,000 ഡോളർ നൽകി എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ പറഞ്ഞിരുന്നു. നിമിഷപ്രിയയുടെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായത് എല്ലാം ചെയ്യുന്നുണ്ട്. നിമിഷപ്രിയയുടെ മോചനം കൊല്ലപ്പെട്ട തലാലിന്റെ കുടുംബവും നിമിഷയുടെ കുടുംബവും തമ്മിലുളള വിഷയമാണെന്നും മന്ത്രി പറഞ്ഞിരുന്നു. ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

Also Read:

National
നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല; യെമന്‍ എംബസി

യാത്രാ വിലക്കുണ്ടായിട്ടും നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോവാൻ വഴിയൊരുക്കിയത് കേന്ദ്ര സർക്കാർ ആണെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. ചർച്ചയ്ക്കായി പവർ ഓഫ് അറ്റോർണിയെ നിയമിച്ചു. അഭിഭാഷകന്റെ സഹായം ഉറപ്പാക്കി. ബ്ലെഡ് മണി യെമനിൽ എത്തിക്കാനുളള സഹായവും നൽകി. വളരെ ​ഗൗരവമേറിയതും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമായ വിഷയമാണിത്. തെറ്റായ ചർച്ചകൾ മോചനത്തേയും കേസിന്റെ ഭാവിയേയും ബാധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. നിമിഷപ്രിയയുടെ കാര്യത്തിൽ കേന്ദ്രം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചത്. മോചനം നിമിഷപ്രിയയുടെ കുടുംബത്തിന്റേയും തലാലിന്റെ കുടുംബത്തിന്റേയും കാര്യമാണെന്ന് പറഞ്ഞ് കേന്ദ്രം കയ്യൊഴിഞ്ഞുവെന്നും ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചിരുന്നു.

നിലവിൽ യെമൻ ജയിലിൽ കഴിയുകയാണ് നിമിഷപ്രിയ. നേരത്തെ വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ യെമൻ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് ന്യൂഡല്‍ഹിയിലെ യെമന്‍ എംബസി വ്യക്തമാക്കിയിരുന്നു.

Also Read:

Kerala
കൊയിലാണ്ടിയില്‍ മരിച്ച ലീലയുടേത് ആനയുടെ ചവിട്ടേറ്റുള്ള മരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. അബ്ദുമഹ്ദി ഉള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അതും ഫലവത്തായിരുന്നില്ല.

Content Highlights: Save Nimishapriya Action Council Against Central Government

To advertise here,contact us