പ്രണബ് മുഖര്‍ജിയുടെ മകന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി

കോണ്‍ഗ്രസിലും രാഷ്ട്രീയത്തിലും ഇത് തന്റെ രണ്ടാം ജന്മമാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്‍ക്കത്ത: മുന്‍ രാഷ്ട്രപ്രതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് ബാനര്‍ജി കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി. നാല് വര്‍ഷം നീണ്ട തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയ സഹവാസത്തിന് ശേഷമാണ് അഭിജിത്ത് ബാനര്‍ജി മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയത്.

കൊല്‍ക്കത്തയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുന്‍ ലോക്‌സഭ എംപി കൂടിയായ അഭിജിത്ത് ബാനര്‍ജിക്ക് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹ്‌മദ് മിര്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് അഭിജിത്ത് ബാനര്‍ജി ക്ഷമ ചോദിച്ചു. പാര്‍ട്ടി വിട്ടത് ശരിയായില്ല. കോണ്‍ഗ്രസിലും രാഷ്ട്രീയത്തിലും ഇത് തന്റെ രണ്ടാം ജന്മമാണെന്നും അദ്ദേഹം പറഞ്ഞു.

2021ലാണ് അഭിജിത്ത് ബാനര്‍ജി കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. 2012ലാണ് അഭിജിത്ത് ബാനര്‍ജി എംപിയായത്. 2014ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2019ല്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Content Highlights: Pranab Mukherjee's son Abhijit rejoins Congress

To advertise here,contact us