തലസ്ഥാനവും കീഴടക്കി ബിജെപി; കെജ്‌രിവാളിനോട് ബൈ പറഞ്ഞ് ഡൽഹി, കോൺഗ്രസ് ചിത്രത്തിലില്ല

ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വ‍ർമ്മയും ജംഗ്പുരയിൽ മനീഷ് സിസോദിയയെ അടിയറവ് പറയിപ്പിച്ച തർവീന്ദർ സിംഗ് മർവയുമാണ് ബിജെപിയുടെ ജയൻ്റ് കില്ലേഴ്സ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. ആകെയുള്ള 70 സീറ്റുകളിൽ 48ലും വിജയം നേടിയാണ് ബിജെപി 27 വർഷത്തിന് ശേഷം ഡൽഹിയിൽ ഭരണം പിടിക്കുന്നത്. കഴിഞ്ഞ തവണ എട്ട് സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 40 സീറ്റുകളാണ് ഇത്തവണ അധികമായി നേടിയത്. ആം ആദ്മി പാർട്ടിയുടെ ദേശീയ മുഖമായ അരവിന്ദ് അരവിന്ദ് കെജ്‌രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പരാജയപ്പെടുത്താൻ കഴിഞ്ഞത് ബിജെപി വിജയത്തിന് തിളക്കം കൂട്ടുന്നുണ്ട്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ ഡൽഹി ജനത ആം ആദ്മി പാർട്ടിക്കൊപ്പമല്ലെന്ന് കൂടിയാണ് ഡൽഹി ജനത വിധിയെഴുതിയിരിക്കുന്നത്. എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർ​​ഗ വിഭാ​ഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്.

എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി.

ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേഷ് വ‍ർമ്മയും ജംഗ്പുരയിൽ മനീഷ് സിസോദിയയെ അടിയറവ് പറയിപ്പിച്ച തർവീന്ദർ സിംഗ് മർവയുമാണ് ബിജെപിയുടെ ജയൻ്റ് കില്ലേഴ്സ്. കഴിഞ്ഞ 27 വർഷമായി ഡൽ​ഹിയിൽ അധികാരത്തിന് പുറത്താണ് ബിജെപി. അതിനാൽ തന്നെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കിയാണ് ബിജെപി നേതൃത്വം രം​ഗത്തെത്തിയത്. ആ‍ർഎസ്എസിൻ്റെ പിന്തുണയോടെ ബിജെപി നടത്തിയ നീക്കം ഡൽഹിയിൽ വിജയം കണ്ടിരിക്കുകയാണ്.

Also Read:

International
പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക; ട്രംപിനെ പേപ്പർ സ്‌ട്രോകളും അലട്ടുന്നു, നിർത്തലാക്കാനുള്ള ഉത്തരവിൽ ഒപ്പിടും

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പ്രധാന എതിരാളികളായ ബിജെപിയെയും കോൺ​ഗ്രസിനെയും നിഷ്പ്രഭരാക്കിയായിരുന്നു ആം ആദ്മി അധികാരത്തിലെത്തിയത്. ഫെബ്രുവരി അഞ്ചിനായിരുന്നു ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 13,766 പോളിങ്ബൂത്തുകളിലായാണ് ഡൽഹി ജനവിധി രേഖപ്പെടുത്തിയത്. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്.

Content Highlights: BJP managed to won in Delhi assembly Poll

To advertise here,contact us