ന്യൂഡല്ഹി: ധനമന്ത്രി നിര്മ്മലാ സീതാരാമന്റെ ബജറ്റ് അവതരണത്തിനായി ഉറ്റുനോക്കുകയാണ് രാജ്യത്തെ സ്വര്ണ്ണവ്യാപാരികളും വിവാഹവിപണിയും. സ്വര്ണ്ണം വാങ്ങാനുള്ള ഇന്ത്യന് മധ്യവര്ഗത്തിന്റെ ശേഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളും പാക്കേജുകളും ബജറ്റില് ഒളിപ്പിച്ചിരിക്കുന്നുണ്ടോയെന്നആകാംക്ഷയിലാണ് ഉപഭോക്താക്കൾ.
'മഞ്ഞലോഹ'ത്തിന്റെ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില് ഇഎംഐ വഴി സ്വര്ണ്ണം വാങ്ങാനും ആഭരണ നിര്മ്മാണ തൊഴിലാളികളുടെ നൈപുണ്യത്തിനായി ഫണ്ട് അനുവദിക്കുന്നതും അടക്കമുള്ള കാര്യങ്ങള്ക്ക് കേന്ദ്രാനുമതി ലഭിക്കുമോയെന്നതും അറിയേണ്ടതുണ്ട്. കൂടാതെ, നിലവില് സെബി, ആര്ബിഐ, ഡിജിഎഫ്ടി, ധനമന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവ നിയന്ത്രിക്കുന്ന സ്വര്ണ്ണവിപണിക്ക് ഒരൊറ്റ റെഗുലേറ്ററിയും വ്യാപാരികള് ആവശ്യപ്പെടുന്നുണ്ട്.
ഇറക്കുമതി നികുതി ആറ് ശതമാനത്തില് നിന്നും മൂന്ന് ശതമാനമായി കുറക്കുക, ബുള്ളിയന് ബാങ്ക് സ്ഥാപിക്കുക, എംഎസ്എംഇ യൂണിറ്റുകള്ക്കുള്ള ആനുകൂല്യം വര്ധിപ്പിക്കുക, ജ്വല്ലറി പാര്ക്കുകള് സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കുക, സ്വര്ണ്ണത്തിന്റെ ജിഎസ്ടി 1.25 ശതമാനമായി കുറക്കുക തുടങ്ങിയവയാണ് ബജറ്റുമായി ബന്ധപ്പെട്ട് സ്വർണ വ്യാപാരികളുടെ ആവശ്യങ്ങൾ.
തിരുവ കൂട്ടിയാല് ഗ്രാമിന് 8,000 രൂപയ്ക്ക് അടുത്തേക്ക് വില ഉയരുമെന്നാണ് വിപണിയില് നിന്നുള്ള സൂചന. അങ്ങനെയെങ്കില് പവന് 64,000 രൂപ തോതിലേയ്ക്ക് വില ഉയരും. നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ ഒരു പവന് ആഭരണം വാങ്ങാന് ഏറ്റവും കുറഞ്ഞത് 67,000 രൂപയ്ക്കടുത്ത് നല്കണം.
ഇതിന് പുറമേ സ്വര്ണ്ണവ്യവസായം ഇന്ത്യയിലെ യുവാക്കള്ക്കും വിദഗ്ധരായ സ്വര്ണ്ണ നിര്മ്മാണ തൊഴിലാളികള്ക്കും വലിയ തൊഴില് അവസരം തുറക്കുമ്പോള് ഇവരുടെ നൈപുണ്യത്തിന് ഫണ്ട് അനുവദിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Content Highlights: Budget 2025 will gold can buy through emi