പൂനെയിൽ പരിഭ്രാന്തി സൃഷ്ടിച്ച് ഗില്ലിൻ-ബാരെ സിൻഡ്രോം; രോഗബാധ ഉയരുന്നു

രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി

മുബൈ: പരിഭ്രാന്തി സൃഷ്ടിച്ച് പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം(ജിബിഎസ്) വ്യാപിക്കുന്നു. ധയാരി, അംബേഗാവ്, നർഹെ തുടങ്ങിയ പ്രദേശങ്ങളിലും സിൻഹഗഡ് റോഡിലെ മറ്റ് പല ഭാഗങ്ങളിലുമാണ് രോഗബാധ ഉയരുന്നത്. രോഗലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയവരുടെ എണ്ണം 140 ആയി. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ 73 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 52 പേർ 30 വയസിൽ താഴെയുള്ളവരാണ്. ബാക്കിയുള്ളവരുടെ പരിശോധനാ ഫലം വരാനുണ്ട്.

രോഗം ഗുരുതരമായതിനെ തുടർന്ന് 27 പേരെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. 32 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രോഗം വെള്ളത്തിലൂടെ പടർന്നുവെന്നാണ് പ്രാഥമിക നിഗനമം. ചിക്കൻ നന്നായി പാചകം ചെയ്ത ശേഷമെ കഴിക്കാൻ പാടുള്ളുവെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

തിളപ്പിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂവെന്ന് മഹാരാഷ്ട്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രോഗം വീണ്ടും വ്യാപിക്കാതിരിക്കാൻ സർക്കാറിൻറെ പ്രത്യേക സംഘം പ്രദേശത്ത് ബോധവത്കരണവും പരിശോധനയും നടത്തുകയാണ്. പ്രദേശത്തെ മിക്ക സ്‌കൂളുകളിലും ടാങ്കർ വഴിയാണ് ഇപ്പോൾ വെള്ളം വിതരണം ചെയ്യുന്നത്. സ്കൂളുകളിൽ ഹാജർ നിലയും കുറഞ്ഞിട്ടുണ്ട്. രോഗഭീതി കാരണം രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ വിടാൻ തയാറാകുന്നില്ല.

Also Read:

National
ലോറിയില്‍ എത്തിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഉഗ്രസ്‌ഫോടനം

Content Highlights: GBS upends daily life along Pune’s Sinhagad Road

To advertise here,contact us