മഹാകുംഭമേളയിലെ തിരക്കിൽ പെട്ട് 30 പേർ മരിച്ച സംഭവം: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്

പ്രയാഗ് രാജ്: മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ച അപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ്. പൊലീസിൻ്റെ വീഴ്ചകൾ പരിശോധിക്കാൻ പ്രത്യേക അന്വേഷണം നടത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറ‍‍ഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗി ആദിത്യനാഥിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മഹാകുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബാരിക്കേഡ് തകര്‍ന്നതിന് പിന്നാലെയാണ് തിക്കും തിരക്കും ഉണ്ടായതെന്ന് ഉത്തർപ്രദേശ് പൊലീസ് വ്യക്തമാക്കി. മരിച്ചതില്‍ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞിരുന്നു.

Also Read:

Kerala
കോട്ടയത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ചു; നവവരന് ദാരുണാന്ത്യം, വിവാഹം നടക്കേണ്ടിയിരുന്നത് ഇന്ന്

ബ്രഹ്‌മ മുഹൂര്‍ത്തത്തിന് മുന്നോടിയായി പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ മൗനി അമാവാസ്യ സ്‌നാന ചടങ്ങിന്റെ സമയത്താണ് അപകടമുണ്ടായതെന്ന് ഡിഐജി വ്യക്തമാക്കിയിരുന്നു. അകാര റോഡില്‍ വലിയ ജനക്കൂട്ടമുണ്ടാകുകയും തുടര്‍ന്ന് ബാരിക്കേഡുകള്‍ തകരുകയുമായിരുന്നു. ബാരിക്കേഡുകള്‍ക്ക് അപ്പുറമുള്ള ജനക്കൂട്ടം ബ്രഹ്‌മ മുഹൂര്‍ത്തത്തിന് കാത്തിരുന്ന ഭക്തര്‍ക്ക് നേരെ ഓടിയടുക്കുകയായിരുന്നു. അപകടം സംഭവിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ആംബുലന്‍സുകളില്‍ 90 പേരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

Content Highlights: UP Chief Minister Yogi Adityanath ordered an investigation by the judicial commission into the stampede incident

To advertise here,contact us