സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; ലഭിച്ച വിരലടയാളം പ്രതിയുടേതുമായി മാച്ച് ചെയ്യുന്നില്ലെന്ന വാദം തള്ളി പൊലീസ്

നിലവില്‍ ബംഗ്ലാദേശ് പൗരനായ ശരീഫുള്‍ ഇസ്‌ലാം മാത്രമാണ് പ്രതിയെന്ന് മുംബൈ പൊലീസ്

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ നിലവില്‍ ബംഗ്ലാദേശ് പൗരനായ ശരീഫുള്‍ ഇസ്‌ലാം മാത്രമാണ് പ്രതിയെന്ന് മുംബൈ പൊലീസ്. ശരീഫുള്ളിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതുമായി മാച്ച് ചെയ്യുന്നില്ലെന്ന വാദം പൊലീസ് തള്ളി. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പ്രതി കൊല്‍ക്കത്തയില്‍ താമസിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Also Read:

Kerala
ചെന്താമര ഫോൺ വിറ്റത് കൂടരഞ്ഞി ക്വാറിയിലെ സെക്യൂരിറ്റി ജീവനക്കാരന്; രണ്ട് പേരെ കൊല്ലുമെന്ന് പറഞ്ഞിരുന്നു

ഇക്കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു ബാന്ദ്രയിലെ വസതിയില്‍വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഇതിന് ശേഷം സെയ്ഫിനെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നിരവധി വാര്‍ത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ചത്. സെയ്ഫിന് ആറ് തവണ കുത്തേറ്റതായി അന്വേഷണ സംഘം പറഞ്ഞു. കൈയ്ക്കും നട്ടെല്ലിനും അടക്കമായിരുന്നു പരിക്കേറ്റത്. സെയ്ഫിന് നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായിരുന്നുവെന്ന് ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. സെയ്ഫിന്റെ സമീപത്തെ വീടിന്റെ ഫയര്‍ എക്‌സിറ്റ് പടികളിലൂടെ നടന്നു കയറുന്നതും തിരിച്ചിറങ്ങുതുമായ മുഖം മറച്ച ആളുടെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇത് കേസില്‍ നിര്‍ണായകമായി. സെയ്ഫിനെ കുത്തിയതെന്ന് സംശയിച്ച് മൂന്നോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് ചോദ്യം ചെയ്ത് വിട്ടയച്ചു.

ജനുവരി പതിനെട്ടിന് സെയ്ഫിനെ കുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്‍ ഒളിവില്‍ കഴിയുകയായിരുന്ന വിജയ് ദാസ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ഇതിന് പിന്നാലെ പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്നും പേര് ഷരീഫുള്‍ ഇസ്‌ലാമാണെന്നും പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ അന്വേഷണം പല രീതിയില്‍ മുന്നോട്ടുപോകുന്നതിനിടെ സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ച 19 വിരലടയാളങ്ങളില്‍ ഷരീഫുള്ളിന്റെ വിരലടയാളമില്ലെന്ന വിവരവും പുറത്തുവന്നു. മുംബൈ പൊലീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതാണ് ഇപ്പോള്‍ പൊലീസ് തള്ളിയിരിക്കുന്നത്.

Content Highlights- mumbai police on saif ali khan stabbed case

To advertise here,contact us