'ക്ഷേത്രത്തിന് സമീപത്ത് വച്ച് മാംസം കഴിച്ചു'; മുസ്‌ലിം ലീ​ഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചുവെന്നാണ് ആരോപണം

ചെന്നൈ: ക്ഷേത്രത്തിന് സമീപത്ത് വച്ച് മുസ്‌ലിം ലീ​ഗ് എംപിയായ നവാസ് കനി മാംസാഹാരം ഭക്ഷിച്ചുവെന്ന ആരോപണവുമായി തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ. മധുരയിലുളള തിരുപറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചുവെന്നാണ് ആരോപണം. എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ കുന്നിൽ വച്ച് എംപി മാംസം കഴിച്ചത് അങ്ങേയറ്റം നിർഭാ​ഗ്യകരമായ സംഭവമാണെന്ന് അണ്ണാമലൈ പറഞ്ഞു. ഹിന്ദു സമൂഹം വളരെ സമാധാനപ്രിയരാണ്. ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു. ജനങ്ങൾക്കിടയിൽ വിഭാ​ഗീയതയുണ്ടാക്കാൻ ലക്ഷ്യമിട്ടുളള നടപടിയാണ് എം പിയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. സുബ്രഹ്മണ്യം ക്ഷേത്രത്തിന്റെ സ്ഥാനത്ത് വച്ച് മാംസം കഴിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും അണ്ണാമലൈ എക്സിൽ കുറിച്ചു.

Also Read:

National
'ഫോട്ടോയെടുക്കാനെന്ന് പറഞ്ഞ് ഒരു സംഘം കൂടാരത്തില്‍ അതിക്രമിച്ചു കയറി; സഹോദരനെ മര്‍ദിച്ചു'; ആരോപണവുമായി മൊണാലിസ

അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് ഇരുവിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷമുണ്ടായപ്പോൾ അതിന് മധ്യസ്ഥത വഹിക്കാനാണ് താൻ സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിലേക്ക് എത്തിയതെന്ന് എം പി വ്യക്തമാക്കി. കുന്നിൽ വച്ച് താൻ മാംസം കഴിച്ചിട്ടില്ലെന്നും നവാസ് കനി പറഞ്ഞു. കഴിഞ്ഞ ദിവസം തിരുപറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി ക്ഷേത്രത്തിന്റെ കുന്നിലേക്ക് മൃ​ഗങ്ങളെ ബലിയർപ്പിക്കാൻ മുസ്‌ലിം സമുദായംഗങ്ങള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി പൊലീസുമായി തര്‍ക്കം നിലനിന്നിരുന്നു.

Content Highlights: Annamalai Alleged Navas Kani MP Eat Non-veg Near at Subramanya Swamy Hill Madurai

To advertise here,contact us