സെയ്ഫ് അലി ഖാനെ കുത്തിയ കത്തിയുടെ മൂന്നാം ഭാ​ഗം ബാന്ദ്ര തടാകത്തിന് സമീപം കണ്ടെത്തി

2.5 ഇഞ്ച് നീളമുളള കത്തിയുടെ ആദ്യ ഭാ​ഗം നടന്റെ ശരീരത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കാൻ മോഷ്ടാവ് ഉപയോ​ഗിച്ച കത്തിയുടെ മൂന്നാമത്തെ ഭാ​ഗം കണ്ടെത്തി. ബാന്ദ്ര തടാകത്തിന് സമീപത്ത് നിന്നാണ് കത്തിയുടെ ഭാ​ഗം കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം 2.5 ഇഞ്ച് നീളമുളള കത്തിയുടെ ആദ്യ ഭാ​ഗം നടന്റെ ശരീരത്തിൽ നിന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തിരുന്നു. കത്തിയുടെ മറ്റൊരു ഭാ​ഗം ആക്രമണത്തിന് ശേഷം കണ്ടെടുത്തിരുന്നു.

അതേസമയം ബാന്ദ്രയിലെ നടന്റെ 12 നിലകളുള്ള വസതിയില്‍ നടന്ന കുറ്റകൃത്യം അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പൊലീസ് പുനഃസൃഷ്ടിച്ചു. ജനുവരി 16ന് 54കാരനായ നടന്റെ വീട്ടില്‍ മോഷണം നടത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതിയായ ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് പ്രവേശിച്ചത്. ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. അവിടേയ്ക്കെത്തിയ സെയ്ഫ് അപകടം മനസ്സിലാക്കി ഷെരീഫുളിനെ പിടിച്ചുവെക്കുകയായിരുന്നു. ഈ പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഷെരീഫുള്‍ സെയ്ഫിന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. ഇതോടെ സെയ്ഫ് പിടുത്തം വിടുകയും ഷെരീഫുള്‍ രക്ഷപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also Read:

National
'സെക്യൂരിറ്റി ജീവനക്കാര്‍ ഉറങ്ങുകയായിരുന്നു'; സിസിടിവി ഇല്ലാത്തതും സെയ്ഫിനെ ആക്രമിച്ച പ്രതിക്ക് സൗകര്യമായി

തന്നെ മുറുകെ പിടിച്ചുവെച്ച സെയ്ഫില്‍ നിന്ന് രക്ഷപ്പെടാനാണ് പലവട്ടം കുത്തിയതെന്ന് പ്രതി ഷെഹ്സാദ് പൊലീസിനോട് പറഞ്ഞിരുന്നു. ആശുപത്രിയിലായ സെയ്ഫ് അലി ഖാന്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് മുംബൈ ലീലാവതി ആശുപത്രിയില്‍ നിന്ന് സെയ്ഫ് അലി ഖാനെ ഡിസ്ചാര്‍ജ് ചെയ്യുന്നത്. അമ്മയും നടിയുമായ ഷര്‍മിള ടാഗോറിനൊപ്പമാണ് സെയ്ഫ് അലി ഖാന്‍ വീട്ടിലേക്ക് മടങ്ങിയത്.

അണുബാധയേല്‍ക്കാൻ സാധ്യതയുള്ളതിനാൽ സന്ദര്‍കരെ അനുവദിക്കരുതെന്ന് സെയ്ഫിന് നിര്‍ദേശമുണ്ട്. ഒരാഴ്ച പൂര്‍ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സെയ്ഫ് അലി ഖാന് വസതിയിൽ വലിയ രീതിയിലുള്ള സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Content Highlights: Saif Ali Khan Attack Knife Third Part Found Near in Bandra Lake

To advertise here,contact us