കൊല്‍ക്കത്ത ബലാത്സംഗക്കൊല; വധശിക്ഷ ആവശ്യപ്പെട്ടുള്ള ബംഗാൾ സർക്കാരിൻ്റെ അപ്പീലിൽ ഹൈക്കോടതി വാദം കേൾക്കും

ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ തിങ്കളാഴ്ചയാണ് വാദം

കൊല്‍ക്കത്ത: ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ബംഗാള്‍ സര്‍ക്കാരിന്റെ അപ്പീലില്‍ കല്‍ക്കട്ട ഹൈക്കോടതി വാദം കേള്‍ക്കും. ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ തിങ്കളാഴ്ചയാണ് വാദം. സംസ്ഥാന സര്‍ക്കാരിൻ്റെ അപ്പീല്‍ നിലനില്‍ക്കുമോ എന്നതിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സിബിഐയും അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീല്‍ നിലനില്‍ക്കുന്നതല്ലെന്നാണ് സിബിഐ നിലപാട്.

യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തമാണ് കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചിരുന്നു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു.

ആര്‍ ജി കര്‍ ആശുപത്രിയിലെ സംഭവത്തോടെ രാജ്യമാകെ ഡോക്ടര്‍മാര്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേസിന്റെ പ്രാരംഭ അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ പൊലീസ് പരാജയപ്പെട്ടെന്നുള്ള ഗുരുതര ആക്ഷേപവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് കൊല്‍ക്കത്ത ഹൈക്കോടതി കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചത്. കുറ്റകൃത്യം സംഭവിച്ച് അഞ്ചര മാസം പൂര്‍ത്തിയാകുമ്പോഴാണ് കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി. കൊലപാതകം, ബലാത്സംഗം, മരണകാരണമായ ആക്രമണം തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി ജീവിതകാലം മുഴുവനും ജയിലില്‍ തുടരണം. പ്രതി 50000 രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.

Also Read:

Kerala
എട്ട് വർഷം പിന്നിട്ടിട്ടും ആനുകൂല്യമില്ല; ബിഎൽഎഫ് ആൻഡ് എച്ച്ഡിഎഫ് ഭവന നിർമ്മാണ പദ്ധതി അവതാളത്തിൽ

അതേസമയം കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന സിബിഐ വാദം കോടതി നിരാകരിച്ചിരുന്നു. പ്രതിക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുതെന്നും കോടതി ശിക്ഷാ വിധിയില്‍ ചൂണ്ടിക്കാണിച്ചു. 17 ലക്ഷം രൂപ കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം നഷ്ടപരിഹാരമായി വിധിച്ച 17 ലക്ഷം രൂപ വേണ്ടെന്ന് കുടുംബം പറഞ്ഞു. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

2024 ആഗസ്റ്റ് ഒന്‍പതാം തീയതിയാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രതിയായ സഞ്ജയ് റോയ് ആ ദിവസം രാത്രി 11മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാള്‍ നാലുമണിയോടെ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചു. നാല്‍പത് മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നത് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഇയാള്‍ പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

content highlight- Kolkata rape and murder; The High Court will hear the Bengal government's death sentence appeal

To advertise here,contact us