തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രമുഖ നിർമ്മാതാക്കളുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചു. തെലങ്കാന ഫിലിം ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ ചെയർമാനും രാം ചരൺ നായകനായെത്തിയ ഗെയിം ചേഞ്ചർ സിനിമയുടെ പ്രൊഡ്യൂസറുമായ ദിൽ രാജുവിന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. അദ്ദേഹത്തിൻ്റെ ബിസിനസ് പങ്കാളിയും നിർമ്മാതാവുമായ സിരീഷിൻ്റെ വസതിയിലും മകൾ ഹൻസിത റെഡ്ഡിയുടെ വീട്ടിലും റെയ്ഡ് നീണ്ടു.
പുഷ്പ 2 നിർമാതാക്കളായ മൈത്രി മൂവീസിന്റെ ഓഫീസുകളിലും റെയ്ഡ് നടക്കുന്നുണ്ടെന്നാണ് വിവരം. നവീൻ യേർനേനി, യലമഞ്ചിലി രവിശങ്കർ, സിഇഒ ചെറി എന്നിവരുടെ വസതിയിലും പൊലീസ് റെയ്ഡ് നടത്തി. എട്ട് സ്ഥലങ്ങളിലായി 55 സംഘങ്ങൾ പരിശോധന നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. റെയ്ഡിൽ കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
IT Raid conducting underway against #DilRaju pic.twitter.com/BBAQvvfI82
ഗെയിം ചേഞ്ചർ, സംക്രാന്തികി വാസ്തുനം എന്നീ രണ്ടു ചിത്രങ്ങളാണ് ദിൽ രാജുവിന്റെ നിർമാണത്തിൽ പുറത്തുവന്നിരിക്കുന്നത്. വിജയ്യുടെ വാരിസ് എന്ന ചിത്രവും ഇദ്ദേഹമായിരുന്നു നിർമിച്ചിരുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് എന്ന നിർമാണ കമ്പനിയുടെ ഉടമ കൂടിയാണ് ഇദ്ദേഹം. ദിൽ രാജുവിൻ്റെ അടുത്ത നിർമ്മാണ സംരംഭം നിതിൻ നായകനാകുന്ന തമ്മുഡാണ്. വേണു ശ്രീറാം സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വർഷം മഹാശിവരാത്രി ദിനത്തിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു, എന്നാൽ നിർമ്മാതാക്കൾ ഇതുവരെ മറ്റൊരു അപ്ഡേറ്റും പുറത്തുവിട്ടിട്ടില്ല.
Content Highlight: Game Changer film producer's house and office raided