സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ

ആകാശ് കനോജിയ എന്ന 31കാരനാണ് ചത്തീസ്ഗഢില്‍ പിടിയിലായത്

മുംബൈ: നടൻ സെയ്ഫ് അലി ഖാന് മുംബൈയിലെ വസതിയിൽവെച്ച് കുത്തേറ്റ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിൽ. ആകാശ് കനോജിയ എന്ന 31കാരനാണ് ചത്തീസ്ഗഢില്‍ പിടിയിലായത്. ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ റെയില്‍വേ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മുംബൈ പൊലീസ് റായ്പൂരിലേക്ക് തിരിച്ചു.

വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയിൽ മോഷ്ടാക്കൾ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഫയര്‍ എസ്‌കേപ്പ് പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

സെയ്ഫിന് ആറ് തവണ കുത്തേറ്റതായി അദ്ദേഹത്തെ പ്രവേശിപ്പിച്ച മുംബൈ ലീലാവതി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതില്‍ രണ്ടെണ്ണം ആഴമുള്ളതായിരുന്നു. നട്ടെല്ലില്‍ കത്തി തറച്ച നിലയിലായിരുന്നു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സെയ്ഫിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു അക്രമിയുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. കുട്ടികളെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു കോടി രൂപ ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞിരുന്നു.

നടിയും സെയ്ഫിൻറെ പങ്കാളിയുമായ കരീന കപൂറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്നാണ് കരീന നൽകിയ മൊഴി. മകനെ രക്ഷിക്കാനാണ് സെയ്ഫ് ശ്രമിച്ചതെന്നും കരീന പറഞ്ഞു. മോഷണത്തിന് മുതിരാതെ അക്രമി സെയ്ഫിനെ ആറ് തവണ കുത്തുകയായിരുന്നുവെന്നും കരീന പറഞ്ഞു.

Also Read:

National
സെയ്ഫ് മകനെ രക്ഷിക്കാൻ ശ്രമിച്ചു,അക്രമി വീട്ടിൽ നിന്ന് ഒന്നും മോഷ്ടിച്ചില്ല; പൊലീസിന് മൊഴി നൽകി കരീന

സംഭവ സമയത്ത് താനും മക്കളും സുരക്ഷയ്ക്ക് വേണ്ടി 12-ാം നിലയിലേക്ക് കയറി നിന്നുവെന്നും കരീന പറഞ്ഞു. മുംബൈയിലെ ബാന്ദ്രയിൽ സത്ഗുരു ശരൺ ബിൽഡിങ്ങിലാണ് സെയ്ഫ് അലി ഖാനും കുടുംബവും താമസിക്കുന്നത്. സംഭവത്തെ തുടർന്ന് കരീന ഞെട്ടലിലാണെന്നും നടിയും സഹോദരിയുമായ കരിഷ്മ കപൂർ കരീനയെ സ്വന്തം വസതിയിലേക്ക് കൊണ്ടുപോയെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

സൽമാൻ ഖാന്റെയും കരീനയുടെയും വസതിയിലും കരിഷ്മയുടെ വസതിയിലും പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

Content Highlights: one suspect detained from Chhattisgarh on Saif Ali Khan stabbing case

To advertise here,contact us