'ഭൂരിപക്ഷ' പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അലഹബാദ് ജഡ്ജി; പ്രസംഗം വളച്ചൊടിച്ചെന്നും വിശദീകരണം

ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ മറുപടിയിലാണ് ശേഖർ കുമാർ യാദവ് നിലപാട് ആവർത്തിച്ചത്

ലക്‌നൗ: ഭൂരിപക്ഷം രാജ്യം ഭരിക്കണമെന്ന പരാമർശങ്ങളിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ മറുപടിയിലാണ് ശേഖർ കുമാർ യാദവ് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന നിലപാട് സ്വീകരിച്ചത്.

വിവാദപ്രസ്താവനയിൽ നേരത്തെ ചീഫ് ജസ്റ്റിസ് അരുൺ ബൻസാലി ശേഖർ കുമാറിന്റെ മറുപടി തേടിയിരുന്നു. ശേഖർ കുമാറിനെ വിളിപ്പിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് മറുപടി ആവശ്യപ്പെട്ടത്. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും തന്റെ പ്രസംഗം ചില തത്പരകക്ഷികൾ വളച്ചൊടിച്ചതാണെന്നും, ജഡ്ജിമാരെയും മറ്റും പ്രതിരോധിക്കേണ്ടത് ജുഡീഷ്യൽഫ്രറ്റേർണിറ്റിയിലെ മുതിർന്ന അംഗങ്ങളുടെ കടമയാണെന്നും ശേഖർ കുമാർ യാദവ് പറയുന്നു.

തുടർന്ന് തന്റെ പ്രസംഗം ഒരു മതവിഭാഗത്തെയും അവഹേളിക്കുന്നില്ലെന്നും സമൂഹത്തിൽ നിലനിൽക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ശേഖർ കുമാർ പറഞ്ഞു.

Also Read:

National
സ്വകാര്യദ്യശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; ഹോട്ടല്‍മുറിയില്‍ യുവതി ജീവനൊടുക്കി

രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.

പരാമർശം വിവാദമായതോടെ സുപ്രീംകോടതി കൊളീജിയം ശേഖർ കുമാർ യാദവിനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. വിഷയത്തിൽ സ്വമേധയാ ഇടപെട്ടുകൊണ്ടാണ് ജഡ്ജിയെ കൊളീജിയം വിളിച്ചുവരുത്തിയത്. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ വിവാദ പരാമർശം. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞുകൊണ്ടേയിരുന്നത്.

Content Highlights: Shekhar kumar yadav no apology in 'majority' remarks

To advertise here,contact us