സ്വകാര്യദ്യശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; ഹോട്ടല്‍മുറിയില്‍ യുവതി ജീവനൊടുക്കി

സംഭവത്തിൽ പ്രധാനപ്രതിയായ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെം​ഗളൂരു: സ്വകാര്യദ്യശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തിയ യുവതി ജീവനൊടുക്കി. സ്വയം പെട്രോളൊഴിച്ചാണ് യുവതി ജീവനൊടുക്കിയത്. സ്വകാര്യദ്യശ്യങ്ങളും വീഡിയോകളും കാണിച്ച് അമ്മാവനും അമ്മായിയും നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് യുവതി ആത്മ​ഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രധാനപ്രതിയായ അമ്മാവനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുന്ദലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടല്‍മുറിയില്‍ ഞായറാഴ്ച വൈകിട്ടാണ് യുവതി സ്വയം തീകൊളുത്തി ജീവനൊടുക്കിയത് . സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ ശിവകുമാര്‍ ഗുണാര്‍ അറിയിച്ചു. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി അമ്മാവന്‍ ഹോട്ടല്‍ റൂമിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് യുവതി സ്വയം തീകൊളുത്തി മരിച്ചത്.

Also Read:

Kerala
'കുടുംബവുമായി നേരത്തെ തർക്കമുണ്ടായിരുന്നു'; ചേന്ദമംഗലത്ത് മൂന്ന് പേരെ കൊന്ന പ്രതിക്കെതിരെ നാട്ടുകാർ

അമ്മാവന്‍ ഹോട്ടല്‍മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി ആദ്യം വിസമ്മതിച്ചിരുന്നു. ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ അച്ഛനും അമ്മയ്ക്കും അയച്ചുകൊടുക്കും എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് യുവതി ഹോട്ടല്‍ റൂമിലേക്ക് എത്താമെന്ന് സമ്മതിച്ചത്. ഹോട്ടലിലേക്ക് പുറപ്പെട്ട യുവതി കൈയില്‍ പെട്രോള്‍ കരുതിയിരുന്നു. മുറിയില്‍ കയറിയ ഉടനെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന പെന്‍ഡ്രൈവ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളതായി എച്ച്എഎല്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷമായി മകള്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ പറയുന്നു. മകള്‍ ഇവര്‍ക്കൊപ്പം യാത്രകള്‍ പോകാറുണ്ടായിരുന്നതായും അമ്മ പൊലീസിന് മൊഴി നൽകി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Uncle and aunt threatened by showing privacy; The woman committed suicide in the hotel room

To advertise here,contact us