നടിക്കെതിരായ ബോഡി ഷെയ്മിങ് പരാമർശം; സോഷ്യൽ മീഡിയ പ്രതികരിച്ചതോടെ മാപ്പ് പറഞ്ഞ് തെലുങ്ക് സംവിധായകന്‍

'അവരോട് കുറച്ച് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാനായിരുന്നു ഞാന്‍ പറഞ്ഞത്. കാരണം തെലുങ്ക് പ്രേക്ഷകര്‍ക്ക് അതായിരുന്നു വേണ്ടത്'

ഹൈദരാബാദ്: നടിക്കെതിരെ നടത്തിയ ബോഡി ഷെയിമിങ് പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തെലുങ്ക് സംവിധായകന്‍ ത്രിനാഥ റാവു നക്കിന. ത്രിനാഥയുടെ പുതിയ സിനിമ മസാക്കയുടെ ടീസര്‍ ലോഞ്ചിനിടെയാണ് നടി അന്‍ഷുവിനെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയത്. പിന്നാലെ അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിമര്‍ശനത്തിന് വഴിവെക്കുകയും തുടര്‍ന്ന് മാപ്പ് പറയുകയുമായിരുന്നു.

നീണ്ട 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മസാക്കയിലെ വേഷത്തിലൂടെയാണ് അന്‍ഷു തിരികെ സിനിമയിലേക്ക് വരുന്നത്. സിനിമയുടെ ടീസര്‍ ലോഞ്ചിനിടെ അന്‍ഷുവിനോട് ശരീര ഭാരം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട കാര്യം പറയുകയായിരുന്നു സംവിധായകന്‍. 'സിനിമയിലെ നായിക നടിയായി തിരികെ വന്ന അവരെ കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റിയില്ല. അവരിപ്പോള്‍ മെലിഞ്ഞാണ് ഇരിക്കുന്നത്. അവരോട് കുറച്ച് ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാനായിരുന്നു ഞാന്‍ പറഞ്ഞത്. കാരണം തെലുങ്ക് പ്രേക്ഷകര്‍ക്ക് അതായിരുന്നു വേണ്ടത്. എല്ലാം വലുപ്പത്തില്‍ തന്നെ അവര്‍ക്ക് വേണം. നടി കുറച്ച് മെച്ചപ്പെട്ടിട്ടുണ്ട്, ഇനിയും മെച്ചപ്പെടും', എന്നായിരുന്നു ത്രിനാഥ പറഞ്ഞത്.

2002ലെ മന്‍മധുഡു എന്ന സിനിമയിലെ അന്‍ഷുവിന്റെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശം നടത്തിയിരുന്നു. അന്‍ഷുവിനെ അതില്‍ കണ്ട എല്ലാവരും അവര്‍ ലഡ്ഡുവാണെന്ന് കരുതിയിട്ടുണ്ടാകുമെന്നും അവരെ കാണാന്‍ വേണ്ടി താനും മറ്റുളള്ളവരും ആ സിനിമ പല തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ത്രിനാഥയുടെ പരാമര്‍ശം മോശവും അശ്ലീലവുമാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വന്ന വിമര്‍ശനം.

Also Read:

National
ഡൽഹിയിലെ വ്യാജബോംബ് ഭീഷണി; വിദ്യാർഥിക്ക് പിന്നിൽ രാഷ്ട്രീയ ബന്ധമുള്ള സന്നദ്ധപ്രവർത്തകൻ?

വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വീഡിയോ സന്ദേശം വഴി ത്രിനാഥ മാപ്പ് പറയുകയായിരുന്നു. 'മസാക്ക ടീസറിനിടെ നടത്തിയ പരാമര്‍ശം പ്രത്യേകം ഉദ്ദേശ്യത്തോടെയായിരുന്നില്ല. എല്ലാവരെയും ചിരിപ്പിക്കാനായിരുന്നു ഞാന്‍ സംസാരിച്ചത്. എന്നാല്‍ പല സ്ത്രീകള്‍ക്കും പരാമര്‍ശം ദുഖമുണ്ടാക്കി. പരാമര്‍ശത്തില്‍ നിരുപാധികം മാപ്പ് പറയുന്നു', എന്നായിരുന്നു ത്രിനാഥയുടെ വീഡിയോ സന്ദേശം.

തുടര്‍ന്ന് സംവിധായകന് പിന്തുണയുമായി അന്‍ഷുവും രംഗത്തെത്തി.

ത്രിനാഥ ഈ ലോകത്തിലെ തന്നെ സ്‌നേഹമുള്ള മനുഷ്യനാണെന്നും സന്ദര്‍ഭത്തില്‍ നിന്നും അദ്ദേഹത്തിന്റെ പരാമര്‍ശം അടര്‍ത്തിയെടുക്കുകയായിരുന്നുവെന്നും അന്‍ഷു പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗമെന്ന നിലയിലാണ് ത്രിനാഥ തന്നെ പരിഗണിക്കുന്നതെന്നും 60 ദിവസം ഈ സിനിമയില്‍ ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം സ്‌നേഹവും ബഹുമാനവും ലഭിച്ചെന്നും അന്‍ഷു വ്യക്തമാക്കി.

Content Highlights: Telugu Director apologises body shaming comment over actress

To advertise here,contact us