അസമില്‍ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കം; 3പേർ മരിച്ചതായി റിപ്പോർട്ട്, നിരവധിപേ‍ർ കുടുങ്ങി കിടക്കുന്നു

മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറിയെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു

ഗുവാഹത്തി: അസമില്‍ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർ‌ട്ട്. 18 ഖനന തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായുള്ള റിപ്പോ‍ർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്‌സോ മേഖലയിലുള്ള ഖനിയിൽ ഇന്നലെ രാവിലെയോടെയാണ് വെള്ളം കയറിയത്.

മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയിൽ നൂറടി താഴ്ച്ചയിൽ വരെ വെള്ളം കയറിയെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. മോട്ടറുകള്‍ ഉപയോഗിച്ച് ഖനിയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് കളഞ്ഞാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി എസ് ഡി ആ‍‍ർഎഫ്, എൻഡിആ‍ർഎഫ് സേനാംഗങ്ങളും അപകടസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിനായി അസം മുഖ്യമന്ത്രി സൈന്യത്തിന്റെ സഹായം തേടിയിരുന്നു.

ഖനിയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപൊക്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. വിശാഖപട്ടണത്ത് നിന്ന് മുങ്ങൽ വിദഗ്ധരടക്കം ഉ‌ടനെത്തും. ഇന്നലെ രാത്രി നീണ്ടും രക്ഷാപ്രവർത്തനം തുടർന്നു. മൂന്ന് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെങ്കിലും ഇതുവരെ പുറത്തെത്തിച്ചില്ലെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

Also Read:

Kerala
പാണക്കാട് തങ്ങളെ കണ്ട് പി വി അൻവർ; രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്ന് പ്രതികരണം

മേഘാലയ അതിർത്തിയോട് ചേർന്ന മേഖലയിലാണ് അപകടം സംഭവിച്ച കൽക്കരി ഖനി സ്ഥിതിചെയ്യുന്നത്. ‘റാറ്റ് ഹോൾ മൈനിങ്’രീതി തൊഴിലാളികൾ പിന്തുടർന്നതാണ് അപകടകാരണം എന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. ഇന്ത്യയിൽ നിരോധിച്ച ഖനനരീതിയാണ് ഇത്. യന്ത്രസഹായമില്ലാതെ മൺവെട്ടിയും കുന്താലിയും ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും, കൽക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ അപകടകരമായ ഖനനരീതിയാണ് ഇത്. അപകടം സംഭവിച്ചത് അനധികൃത കൽക്കരി ഖനനം നടന്നിരുന്ന മേഖലയിലാണെന്നും ആരോപണമുണ്ട്.

'

Content Highlights: Assam coal mine flood three died report

To advertise here,contact us